രണ്ടു പതിറ്റാണ്ട്; നിര്‍മാണം നടന്നത് ഏഴു കിലോമീറ്റര്‍

EKM-PALAMസിജോ പൈനാടത്ത്

കൊച്ചി: രണ്ടു പതിറ്റാണ്ടിലധികം തര്‍ക്കങ്ങളിലും സര്‍ക്കാര്‍ നടപടികളിലെ നൂലാമാലകളിലും കുരുങ്ങി ഇഴഞ്ഞു നീങ്ങിയ ശബരി റെയില്‍ പദ്ധതിയില്‍ ഇതുവരെ നിര്‍മാണം നടന്നത് ഏഴു കിലോമീറ്റര്‍ ദൂരം മാത്രം. 114 കിലോമീറ്റര്‍ നീളമുള്ള നിര്‍ദിഷ്ട പാതയില്‍ അങ്കമാലിയില്‍ നിന്നു കാലടി വരെയുള്ള ഭാഗത്താണു ഭാഗികമായെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇതിന്റെ തുടര്‍ച്ചയായി കാലടിയില്‍ പെരിയാറിനു കുറുകേ പാലം നിര്‍മാണവും അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകാത്തതും ഏറ്റെടുത്ത സ്ഥലങ്ങള്‍ക്കു വില നല്‍കാത്തതും കരാറുകാരുമായുള്ള തര്‍ക്കങ്ങളും പദ്ധതി നടത്തിപ്പിലെ കീറാമുട്ടികളാണ്.

അങ്കമാലി മുതല്‍ കാലടി ചെങ്ങല്‍ വരെയുള്ള ഭാഗങ്ങളില്‍ പാത കടന്നുപോകേണ്ട ഭാഗങ്ങള്‍ മണ്ണിട്ടു നികത്തിയിട്ടുണ്ട്. അഞ്ചോളം ചെറിയ പാലങ്ങളും ഈ റൂട്ടില്‍ നിര്‍മിച്ചു. ട്രാക്ക് നിര്‍മിക്കുന്നതിനുള്ള കോണ്‍ക്രീറ്റ് സ്ലാബുകളും അനുബന്ധ സാമഗ്രികളും നിര്‍ദിഷ്ട ഭാഗങ്ങളില്‍ എത്തിച്ചിട്ടുണ്ട്. എങ്കിലും തുടര്‍ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല. ശബരി പാതയിലെ മറ്റൂരിലാണു കാലടി റെയില്‍വേ സ്റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളത്. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏതാണ്ടു പൂര്‍ത്തിയായ നിലയിലാണ്.

പെരിയാറിനു കുറുകെ കാലടിയിലുള്ള പാലം നിര്‍മാണം പൂര്‍ത്തിയായാലും പാലത്തിന്റെ ഇരുകരകളെയും ബന്ധിപ്പിക്കാനുള്ള സ്ഥലം ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്നതു മറ്റൊരു പ്രതിസന്ധിയാണ്. എംസി റോഡില്‍ കാലടി ശ്രീശങ്കര പാലത്തിനു സമാന്തരമായാണു ശബരി റെയില്‍പ്പാതയുടെ ഭാഗമായുള്ള പാലവും. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ പെരുമ്പാവൂര്‍ വരെ ഏറ്റെടുക്കേണ്ട ഭൂമി അടയാളപ്പെടുത്തയിട്ടുണെ്ടങ്കിലും മറ്റൊന്നും നടന്നിട്ടില്ല.

ഭൂമി നല്‍കിയവരുടെ പ്രതിസന്ധി

ശബരി പദ്ധതിക്കായി അങ്കമാലി, നെടുമ്പാശേരി, മറ്റൂര്‍, വടക്കുംഭാഗം വില്ലേജുകളില്‍ മാത്രമാണു സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായത്. ഇവിടെ ഭൂവുടമകള്‍ക്കു സ്ഥലവില നല്‍കുകയും ചെയ്തു. തുടര്‍ന്നുള്ള ഭാഗങ്ങളിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇപ്പോഴും പൂര്‍ത്തിയാക്കാനായിട്ടില്ല.  പദ്ധതിക്കായി ഉദ്യോഗസ്ഥരെത്തി സ്ഥലം അളന്നുതിരിച്ചു കല്ലിട്ടുപോയതോടെ തങ്ങള്‍ വെട്ടിലായെന്നു സ്ഥലം ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍ക്കാര്‍ അളന്നു തിരിച്ചിട്ട സ്ഥലം കൈമാറ്റം ചെയ്യാനോ അതിന്റെ പേരില്‍ ബാങ്കിടപാടുകള്‍ നടത്താനോ സാധിക്കുന്നില്ല. സര്‍ക്കാര്‍ പണം നല്‍കുന്നുമില്ല.

ശബരി പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുംതോറും ജനങ്ങളുടെ ദുരിതം ഇരട്ടിക്കുകയാണ്. റെയില്‍വേ ഉദ്യോഗസ്ഥരെത്തി അളന്നു തിരിച്ചിട്ടു പോയ സ്ഥലം ഏറ്റെടുത്തു പണം നല്‍കുന്നതും കാത്ത് നിരവധി കുടുംബങ്ങളാണ് കണ്ണീരോടെ കഴിയുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനോ, വിവാഹ ആവശ്യങ്ങള്‍ക്കോ വേണ്ടി സ്ഥലം വില്പന നടത്താനാവുന്നില്ല. ബാങ്കില്‍ ഈടു നല്കി വായ്പ പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നു ഭൂവുടമകള്‍ പറയുന്നു. മൂവാറ്റുപുഴ, തൊടുപുഴ, കാലടി മേഖലകളിലെല്ലാം ശബരി പാതയുടെ പൂര്‍ത്തീകരണത്തിനുവേണ്ടി ശക്തമായ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തുണ്ട്.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഫാസ്റ്റ് ട്രാക്കില്‍ സ്ഥലം ഏറ്റെടുക്കുന്നതിനു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എറണാകുളം ജില്ലയില്‍ മാത്രമാണ് ഇത്തരത്തില്‍ കുറച്ചെങ്കിലും സ്ഥലം ഏറ്റെടുത്തത്. ചേലാമറ്റം, കൂവപ്പടി, പെരുമ്പാവൂര്‍ വില്ലേജുകളില്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഫണ്ടിന്റെ അഭാവം മൂലം സ്ഥലമുടമകള്‍ക്ക് പൂര്‍ണമായി പണം നല്‍കാനായിട്ടില്ല. പല ഘട്ടങ്ങളിലായി അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സ്‌പെഷല്‍ ഓഫീസുകള്‍ തുറക്കുന്നതും കാത്ത്
ശബരി റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച സങ്കീര്‍ണതകള്‍ പരിഹരിക്കുന്നതിനു സ്‌പെഷല്‍ ഓഫീസറെ റെയില്‍വേ നിയമിച്ചിരുന്നു. മൂവാറ്റുപുഴ, തൊടുപുഴ, പാലാ എന്നിവിടങ്ങളില്‍ സ്ഥലം ഏറ്റെടുക്കുന്നതിനാണു സ്‌പെഷല്‍ ഓഫീസറെ നിയോഗിച്ചത്. മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനിലാണ് സ്‌പെഷല്‍ ഓഫീസറുടെ കാര്യാലയം പ്രവര്‍ത്തിച്ചത്. പദ്ധതി സംബന്ധിച്ച അനിശ്ചിതത്വം തുടര്‍ന്നപ്പോള്‍ ഈ ഓഫീസ് അടച്ചുപൂട്ടി. ഇവിടെയുണ്ടായിരുന്ന ജീവനക്കാരെ മറ്റു സ്ഥലങ്ങളിലേക്കു മാറ്റി നിയോഗിച്ചു.

യുഡിഎഫിന്റെ ധാരണ, എല്‍ഡിഎഫിന്റെ നടപടി
ശബരി പദ്ധതിയുടെ ചെലവു സംബന്ധിച്ചു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പദ്ധതി ചെലവ് പൂര്‍ണമായും കേന്ദ്രം വഹിക്കണമെന്ന സംസ്ഥാനത്തിന്റെ നിലപാട് മുന്‍ യുഡിഎഫ് സര്‍ക്കാരാണു മാറ്റിയത്. പദ്ധതിച്ചെലവിന്റെ 50 ശതമാനം സംസ്ഥാനം വഹിക്കാന്‍ തയാറാണെന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചതോടെ, പദ്ധതിയോടുള്ള കേന്ദ്രത്തിന്റെ നിലപാട് അനുകൂലമായി. പദ്ധതിച്ചെലവു പകുതി വഹിക്കാമെന്ന ധാരണാപത്രത്തില്‍ മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേമന്ത്രിയും ഒപ്പിട്ടു.

യുഡിഎഫ് സര്‍ക്കാരുണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണു ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യ ബജറ്റില്‍ പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തിയത്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ ശബരി പദ്ധതിക്കായി തുക മാറ്റിവച്ചത് ഇതാദ്യമാണ്. ഇതോടെ ശബരി റെയില്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്നു ഉറപ്പിക്കാമെന്നു ശബരി റെയില്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജോയ്‌സ് ജോര്‍ജ് എംപി പറഞ്ഞു.

വേണം ഒരേ സ്വരം
ഒരിടവേളയ്ക്കു ശേഷം ശബരി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ട്രാക്കിലേക്കെന്ന പ്രതീക്ഷയുണര്‍ന്നെങ്കിലും, സര്‍ക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായസമന്വയവും കൂട്ടായ പരിശ്രമങ്ങളും ഇനിയും ആവശ്യമാണ്. കേന്ദ്രവുമായി ഉണ്ടാക്കിയിട്ടുള്ള ധാരണാപത്രം പാലിക്കുന്നതില്‍ പുതിയ സര്‍ക്കാരിന് അലംഭാവമുണ്ടാകരുത്. പദ്ധതി സാക്ഷാത്കരിക്കാന്‍ വിട്ടുവീഴ്ചകള്‍ വേണ്ടിവരും.

പാത കടന്നുപോകുന്ന റൂട്ട് സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ട്. വനമേഖലയെന്ന തടസം ചൂണ്ടിക്കാട്ടി അഴുതയിലേക്കു പാത വേണെ്ടന്നു ധാരണയായിരുന്നു. പാത കടന്നുപോകുന്ന കോട്ടയം ജില്ലയിലെ ഭാഗങ്ങളെ സംബന്ധിച്ച് ഇപ്പോഴും തര്‍ക്കങ്ങളുണ്ട്. ഈരാറ്റുപേട്ട വഴിയുള്ള റൂട്ട് ഒഴിവാക്കി ഭരണങ്ങാനം വഴി വേണമെന്ന നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ചും ചര്‍ച്ചകളേറെ നടന്നെങ്കിലും പരിഹാരമായിട്ടില്ല. തര്‍ക്കമുള്ളതിനാല്‍ പഴയ അലൈന്‍മെന്റ് തന്നെ മതിയെന്ന നിലപാടിലാണു റെയില്‍വേ.

പദ്ധതിക്കായി ഭൂമി വിട്ടു നല്‍കിയവര്‍ക്കു പണം പൂര്‍ണമായും വിതരണം ചെയ്യാനുള്ള ക്രമീകരണം വേണം. ഇവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ ആവശ്യമാണ്. മലയോരമേഖല ഉള്‍പ്പെടുന്ന മധ്യകേരളത്തിന്റെ റെയില്‍വേ സ്വപ്‌നങ്ങള്‍ക്കു നിറം പകരാന്‍ ശബരി പാത യാഥാര്‍ഥ്യമാവുക തന്നെ വേണം.

Related posts