എം.സുരേഷ്ബാബു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി ഫാര്‍മസി സര്‍വീസസിലെ ഡ്രഗ്സ് ഇന്‍ഫര്‍മേഷന്‍ ആന്റ് പേഷ്യന്റ് കൗണ്‍സിലിംഗ് സെന്ററിന്റെ പ്രവര്‍ത്തനം നിലച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഈ സെന്ററിന്റെ പ്രവര്‍ത്തനം താറുമാറാകുകയും പിന്നീട് പ്രവര്‍ത്തനം നിലയ്ക്കുകയുമായിരുന്നു. പൊതുജനങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിരന്തരമായ ആവശ്യപ്രകാരം ഹോസ്പിറ്റല്‍ ആന്റ് ക്ലിനിക്കല്‍ ഫാര്‍മസി സര്‍വീസസിന്റെ നിയന്ത്രണത്തിലാണ് ഈ സെന്റര്‍ പ്രവര്‍ത്തിച്ച് വന്നിരുന്നത്. കമ്മ്യൂണിറ്റി ഫാര്‍മസി സര്വീസസിനോടനുബന്ധിച്ച് രോഗികള്‍ക്ക് കഴിയ്ക്കുന്ന മരുന്നുകളെക്കുറിച്ച് അറിവ് പകര്‍ന്ന് നല്‍കുന്നതിനും ഔഷധ സംശയനിവാരണത്തിനും വേണ്ടിയാണ് ഡ്രഗ്സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥാപിച്ചത്.
പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ചെറുക്കുന്നത് സംബന്ധിച്ചുള്ള അറിവുകളും മുന്‍കാലങ്ങളില്‍ രോഗികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും നല്‍കിയിരുന്നു. ഇത് ഏറെ പ്രയോജനപ്പെടുകയും ചെയ്തിരുന്നു. വികസിതരാജ്യങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ സംവിധാനത്തിന് ഇന്ത്യയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ആദ്യമായി തുടക്കം കുറിച്ചത്.
കമ്മ്യൂണിറ്റി ഫാര്‍മസി സര്‍വീസസ് സംവിധാനത്തിന്റെ തുടക്കകാരനും ഫാര്‍മസിസ്റ്റുമായ പ്രൊഫ. ഡോ.കെ.ജി.രവികുമാറാണ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ ചുക്കാന്‍ പിടിച്ചിരുന്നത്. തുടക്കകാലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ഡിഫാം, ബിഫാം, എംഫാം വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിനും ഈ സെന്റര്‍ ഉപകരിച്ചിരുന്നു. രോഗികളുടെ ആശ്വാസകേന്ദ്രമായിരുന്ന സെന്ററിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ഏതാനും മാസങ്ങളായി ശക്തമായ മാനേജ്മെന്റ് സംവിധാനമില്ലാത്തതിനാല്‍ തകര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു.
ഡ്യൂട്ടിക്ക് പേരിന് പോലും ഫാര്‍മസിസ്റ്റിനെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിയമിക്കാത്ത സ്ഥിതിയിലാകുകയും ക്രമേണ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയുമായിരുന്നു. ഇപ്പോള്‍ ഈ മുറി സെക്യൂരിറ്റി ജീവനക്കാരുടെ വിശ്രമകേന്ദ്രമായി മാറിയിരിക്കുകയാണ്. ഹോസ്പിറ്റല്‍ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഫാര്‍മസി സര്‍വീസസില്‍ ഡ്യുട്ടി അറേഞ്ച്മെന്റിലും പക്ഷാപാതപരമായ നടപടികളാണ് നടക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആരംഭിക്കുന്ന ഓരോ പുതിയ സംരംഭങ്ങളും കാലക്രമത്തില്‍ നിലച്ച് പോകുന്നതില്‍ ആരോഗ്യപ്രവര്‍ത്തകരും പൊതുജനങ്ങളും അസ്വസ്ഥരാണ്. ആരോഗ്യ വകുപ്പ് അധികാരികളുടെ അനാസ്ഥയാണ് മെഡിക്കല്‍ കോളജിലെ പല പുതിയ സംരംഭങ്ങളും അകാലചരമം അടയാന്‍ കാരണമെന്ന് പൊതുജനങ്ങളും രോഗികളും ആരോപിയ്ക്കുന്നു.