കൊച്ചി: എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം തട്ടിയ സംഭവങ്ങള്‍ പതിവാണ്. എന്നാല്‍, ക്രെഡിറ്റ് കാര്‍ഡിന്റെ വ്യാജന്‍ ഉണ്ടാക്കി പണംകവര്‍ന്ന തട്ടിപ്പു വീരന്‍ പോലീസിന്റെ പിടിയിലായത് ഇന്നലെയാണ്. സിനിമകളില്‍ മാത്രം കാണുന്ന ഹൈടെക് തട്ടിപ്പാണ് കാസര്‍ഗോഡ് ചെങ്കള നാലാം മൈല്‍ സ്വദേശി മിസിറിയ മന്‍സിലില്‍ മുഹമ്മദ് സാബിദ് (29) നടത്തിയത്. ഉപഭോക്താക്കളുടെ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി സാധനങ്ങള്‍ വാങ്ങിയാണ് സാബിദ് തട്ടിപ്പ് നടത്തുന്നത്.
അതിവിദഗ്ദമായി സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ചാണ് സാബിദ് തട്ടിപ്പിന് കളമൊരുക്കുന്നത്. സംഭവം ഇങ്ങനെ: ഗള്‍ഫില്‍ ഇയാള്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു. അവിടെ നിന്നുള്ള പര്‍ച്ചേസ് കാര്‍ഡുകളാണ് തട്ടിപ്പിനുപയോഗിച്ചത്. കേരളത്തിലെത്തിയ ശേഷം ഇയാള്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു. കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ എടിഎം കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ സൈ്വപ് ചെയ്യാന്‍ നല്‍കുമ്പോള്‍ ഇത് സ്കിമ്മര്‍ എന്ന ഉപകരണത്തില്‍ ഉപഭോക്താവ് കാണാതെ സൈ്വപ്പ് ചെയ്യും. ഇതോടെ കാര്‍ഡിലെ വിവരങ്ങള്‍ ഈ ഉപകരണത്തില്‍ ശേഖരിക്കപ്പെടും.
പിന്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഈ ഉപകരണത്തില്‍ ശേഖരിക്കപ്പെടും. പിന്നീട് സ്വന്തം കാര്‍ഡിലേക്ക് ഈ വിവരങ്ങള്‍ പകര്‍ത്തും. അതിനുശേഷം ഈ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയാണ് ഇയാള്‍ ചെയ്തിരുന്നത്. 50,000 രൂപ വിലയുള്ള സ്വര്‍ണവും, 20,000 രൂപ വിലയുള്ള മൊബൈല്‍ ഫോണുമാണ് ഇയാള്‍ തട്ടിപ്പിലൂടെ വാങ്ങിയത്. മേനകയില്‍ രണ്ടു മൊബൈല്‍ കടകളില്‍ സാധനം വാങ്ങാനെത്തിയപ്പോള്‍ സംശയം തോന്നിയ കടയുടമകളാണ് പോലീസിനു വിവരം നല്‍കിയത്. പിന്നീട്, സെന്‍ട്രല്‍ സിഐ ജി.ഡി. വിജയകുമാര്‍, എസ്‌ഐ വി. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.