പരിമിതികളില്‍ വീര്‍പ്പുമുട്ടി ചിറ്റൂര്‍ എക്‌സൈസ് ഓഫീസ്; ലഹരിക്കടത്ത് പിടിക്കാന്‍ ഒരുജീപ്പും ഡ്രൈവറു

pkd-lahariചിറ്റൂര്‍: ജീവനക്കാരുടെ കുറവുകാരണം ചിറ്റൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസ് പരിധിയില്‍ പരിശോധനകള്‍ സമയോചിതമായി നടത്താന്‍ കഴിയുന്നില്ല. ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം , പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പൂര്‍ണമായും, പുതുനഗരം  സ്റ്റേഷന്റെ ഒരുഭാഗവും ചിറ്റൂര്‍ റെയ്ഞ്ച് ഓഫീസിന്റെ പരിധിയിലാണ് വരുന്നത്. ഇപ്പോള്‍ 22 തസ്തികകളാണ് നിലവിലുള്ളത്. 1968ലാണ് റെയ്ഞ്ച് ഓഫീസുകളില്‍ 22 ജീവനക്കാരുടെ തസ്തികകള്‍ നിജപ്പെടുത്തിയത്.

എന്നാല്‍ ഇത് കാലോചിതമായി പരിഷ്കരിച്ച് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ചുവപ്പുനാടയിലാണ്. നിലവിലുള്ള ജീവനക്കാര്‍ ചിലര്‍ വിവിധ ആവശ്യങ്ങള്‍ക്കായി അവധിയിലുമാണ്. തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായതിനാല്‍ സ്പിരിറ്റ്, കഞ്ചാവ് ഉള്‍പ്പെടെ ലഹരിവസ്തു പരിശോധന മുടക്കം കൂടാതെ  നടത്തേണ്ടതുമുണ്ട്. വേലന്താവളംമുതല്‍ മീനാക്ഷിപുരം വരെയുള്ള നാല്‍പ്പത് കിലോമീറ്റര്‍ ദൂരത്തിലുള്ള എല്ലാ ചെക്കുപോസ്റ്റുകളും ചിറ്റൂര്‍ റെയ്ഞ്ച്  ഓഫീസിനു കീഴിലാണുള്ളത്. വിവിധ ഊടുവഴികളിലൂടെയുള്ള കള്ളക്കടത്തും ഫലപ്രദമായി  തടയേണ്ട ബാധ്യതയുമുണ്ട്.

തൃശൂര്‍, മലപ്പുറം, കോട്ടയം, എറണാകുളം, കൊല്ലം എന്നിവിടങ്ങളിലേക്ക് കൊണ്ടുപോവുന്ന കൂടുതല്‍ കള്ളും ചിറ്റൂരില്‍ നിന്നുമാണ്. ഇതിനാല്‍ പരിശോധന കര്‍ശനമായി നടത്തിയില്ലെങ്കില്‍ മലപ്പുറം മദ്യദുരന്തം ആവര്‍ത്തിക്കാനിടയുമുണ്ട്്. ഇപ്പോള്‍ അഞ്ചു ചെക്കുപോസ്റ്റുകളിലെത്താന്‍ ഒരു ജീപ്പും ഒരു ഡ്രൈവറും മാത്രമാണുള്ളത്. അത്യാവശ്യസമയങ്ങളില്‍, ഡ്രൈവര്‍ അവധിയിലാകുമ്പോള്‍ മറ്റു ജീവനക്കാരെകൊണ്ടുവേണം ജീപ്പ് ഓടിക്കാന്‍.

കഴിഞ്ഞ രണ്ടുമാസത്തെ പരിശോധനകളില്‍ 25 അബ്കാരി കേസുകളില്‍ പ്രതികളെ അറസ്റ്റുചെയ്തിട്ടുണ്ട്. 75 ലിറ്റര്‍ വിദേശമദ്യം അനധികൃതമായി സൂക്ഷിച്ചിരുന്നതും പിടിച്ചെടുത്തിട്ടുണ്ട്. സ്കൂളുകള്‍, കോളജുകള്‍ പരിസരത്ത് ലഹരിവസ്തു വില്‍പ്പന നടത്തിയതിനു മുപ്പതോളം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  കൂടുതല്‍ സ്ഥലവ്യാപ്തിയുള്ള  ചിറ്റൂര്‍ റെയ്ഞ്ച് ഓഫീസിന് കൂടുതല്‍  ജീവനക്കാരും കൂടുതല്‍ വാഹനവും അനുവദിക്കണമെന്നതും അത്യാവശ്യമായിരിക്കുകയാണ്.

Related posts