വത്തിക്കാൻസിറ്റി: “ഇപ്പോഴും ജീവനോടെയിരിക്കുന്നു; ചിലർ എന്റെ മരണം ആഗ്രഹിച്ചെങ്കിലും”- ഫ്രാൻസിസ് മാർപാപ്പ സ്ലൊവാക്യ സന്ദർശനത്തിനിടെ ഈശോസഭാ വൈദികരോടു പറഞ്ഞ ഈ തമാശ ലോകത്തെ ചിരിപ്പിച്ചു.
ഫ്രാൻസിസ് മാർപാപ്പ ജൂലൈയിൽ കുടൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ശസ്ത്രക്രിയയെ അതിജീവിച്ചില്ലെങ്കിലോ എന്ന ആലോചന ചില സഭാ നേതാക്കൾക്കുണ്ടായിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
12ന് സ്ലൊവാക്യൻ തലസ്ഥാനമായ ബ്രാറ്റിൽസ്ലാവയിൽ മാർപാപ്പ പറഞ്ഞ നർമം ഈശോസഭാ വൈദികരുടെ പ്രസിദ്ധീകരണമായ ലാ സിവിൽറ്റ കത്തോലിക്കയിലൂടെയാണ് കഴിഞ്ഞദിവസം പുറംലോകമറിഞ്ഞത്.
ശസ്ത്രക്രിയയ്ക്കുശേഷമുള്ള ആരോഗ്യസ്ഥിതി ആരാഞ്ഞ വൈദികനു മറുപടി നല്കുകയായിരുന്നു മാർപാപ്പ. “ഇപ്പോഴും ജീവനോടെയിരിക്കുന്നു;
ചിലർ എന്റെ മരണം ആഗ്രഹിച്ചെങ്കിലും. ഞാൻ ഗുരുതരാവസ്ഥയിലാണെന്നാണ് അവർ കരുതിയത്.
പുതിയ മാർപാപ്പയെ കണ്ടെത്തുന്നതിന് കോൺക്ലേവ് നടത്തേണ്ടതിനെക്കുറിച്ചുപോലും അവർ ആലോചിച്ചു. അവർ ഇനിയും ക്ഷമയോടെ കാത്തിരിക്കണം. ദൈവത്തിനു നന്ദി.”
ശസ്ത്രക്രിയയ്ക്കുശേഷമുള്ള മാർപാപ്പയുടെ ആദ്യ വിദേശപര്യടനമായിരുന്നിത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അദ്ദേഹം റോമിലെ ആശുപത്രിൽ 11 ദിവസം ചെലവഴിച്ചിരുന്നു.