സ്വന്തംലേഖകന്‍
കോഴിക്കോട് : സിഗ്നല്‍ കേബിള്‍ മുറിച്ച് ട്രെയിന്‍ ഗതാഗതം അട്ടിമറിയ്ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ജീവനക്കാരെ റെയില്‍വേ പിരിച്ചുവിട്ടു. കോഴിക്കോട് കക്കോടി സ്വദേശി പ്രവീണ്‍രാജ്, സുല്‍ത്താന്‍ ബത്തേരി സ്വദേശി ജിനേഷ് എന്നിവരെയാണ് റെയില്‍വേ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്.
കഴിഞ്ഞ മാര്‍ച്ച് 24 നാണ് കേസിനാസ്പദമായ സംഭവം. കല്ലായി റെയില്‍വേ സ്റ്റേഷനു സമീപം അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ അഞ്ചു സ്ഥലങ്ങളിലായിരുന്നു കേബിള്‍ മുറിച്ചതായി കണ്ടെത്തിയത്.
ഫറോക്ക് റെയില്‍വേ സിഗ്നല്‍ ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ വിഭാഗത്തിലെ ടെക്നീഷ്യല്‍ ജീവനക്കാരായിരുന്നു ഇരുവരും. മേലുദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇരുവരും കേബിള്‍ മുറിച്ചത്.
കോഴിക്കോട് റെയില്വേസ്റ്റേഷന് പരിധിയിലെത്തി ജോലിചെയ്യാന്‍ കോഴിക്കോട് സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍(എസ്എസ്ഇ) ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട്ട് ആളില്ലാത്തതിനാലാണ് ഇരുവരെയും വിളിപ്പിച്ചത്. ഇതിലുള്ള വിരോധം തീര്‍ക്കാനാണ് സിഗ്നല്‍ മുറിച്ചതെന്നാണ് പറയുന്നത്.
സിഗ്നല്‍ കമ്പികള്‍ മുറിച്ചുമാറ്റി പച്ച സിഗ്നലിന് പകരം മഞ്ഞ സിഗ്നലാക്കിവയ്ക്കുകയായിരുന്നു. എസ്എസ്ഇ പരുഷമായി പെരുമാറിയതിലുള്ള വിരോധം തീര്ക്കാനാണിതെന്നായിരുന്നു ഇരുവരും മൊഴി നല്‍കിയതെന്നാണ് വിവരം.
സിഗ്നല്‍ പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന് ട്രെയിനുകള്‍ മണിക്കൂറുകളോളും പിടിച്ചിടേണ്ടി വന്നു. സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) അന്വേഷണം നടത്തി ജീവനക്കാരുടെ പങ്ക് കണ്ടെത്തുകയായിരുന്നു.
സിഗ്നല്‍ തകരാറിലായതോടെ, കോഴിക്കോട്, ഫറോക്ക്, വെള്ളയില്‍ റെയില്വേസ്റ്റേഷന് പരിധികളിലായി വ്യത്യസ്ത സമയങ്ങളിലായെത്തിയ ചരക്കുവണ്ടികള്‍ ഉള്‍പ്പെടെ 13 വണ്ടികള്‍ വൈകി. രണ്ട് മണിക്കൂര്‍ അറ്റകുറ്റപ്പണി നടത്തിയാണ് സിഗ്നല്‍ സംവിധാനം പൂര്‍വസ്ഥിതിയിലാക്കിയത്.
ആര്‍പിഎഫ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇരുവരേയും കോഴിക്കോട് നിന്ന് സ്ഥലം മാറ്റിയിരുന്നു. മംഗലാപരുത്തേക്കും പാലക്കാടേക്കുമായിരുന്നു സ്ഥലം മാറ്റം. തുടര്‍ന്നാണ് വിശദമായ അന്വേഷണം നടത്തി റെയില്‍വേ ഇരുവരേയും പിരിച്ചുവിടാന്‍ തീരുമാനിച്ചത്.