സജീവന് പൊയ്ത്തുംകടവ്
കണ്ണൂര്‍: അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമായി കണ്ണൂര്‍ കോര്പറേഷന് ഒന്നാം വാര്‍ഷികത്തിലേക്ക്. വര്‍ധിച്ച ജനസംഖ്യയും വികസനമുരടിപ്പും കാരണം ജനങ്ങള്‍ ഉയര്‍ത്തിയ നിരന്തര മുറവിളിക്കൊടുവിലാണ് കണ്ണൂര്‍ നഗരസഭയെ കോര്‍പറേഷനാക്കി ഉയര്‍ത്തിയത്. 2015 നവംബര്‍ ഒന്നിനായിരുന്നു കോര്പറേഷന് രൂപീകരണം. ഇതോടെ 11 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന കണ്ണൂര്‍ നഗരസഭ 78 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലേക്ക് ഉയര്‍ന്നു. നഗരസഭയ്ക്കൊപ്പം അഞ്ച് പഞ്ചായത്തുകളും ചേര്‍ത്താണ് കോര്പറേഷന് രൂപീകരിച്ചത്.
പള്ളിക്കുന്ന്, പുഴാതി, എളയാവൂര്, എടക്കാട്, ചേലോറ പഞ്ചായത്തുകളാണ് കോര്‍പറേഷന്റെ ഭാഗമായത്. മുനിസിപ്പാലിറ്റിയിലെ ജനസംഖ്യ 54,000 ആയിരുന്നത് കോര്‍പറേഷനായപ്പോള്‍ 2,33,000 ആയി ഉയര്‍ന്നു. 55 ഡിവിഷനുകളാണുള്ളത്. സാങ്കേതികമായി കോര്‍പറേഷനായി ഉയര്‍ന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ മുനിസിപ്പാലിറ്റിയുടേത് തന്നെ. റോഡുകളുടെ വികസനം, മാലിന്യ നിര്‍മാര്‍ജനം, മാലിന്യ സംസ്കരണ പ്ലാന്റ്, ശുചീകരണം, ശുദ്ധജല വിതരണം തുടങ്ങിയ വിഷയങ്ങളില്‍ കാര്യക്ഷമമായ യാതൊരു നീക്കവും ഉണ്ടായിട്ടില്ല. അഞ്ചു പഞ്ചായത്തുകള്‍ കോര്‍പറേഷന്റെ ഭാഗമായിട്ടും ശുചീകരണ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നഗരത്തിലും സമീപപ്രദേശങ്ങളിലും മാലിന്യനീക്കം കാര്യക്ഷമമല്ല.
ആവശ്യത്തിന് ജീവനക്കാരില്ല
പ്രധാന തസ്തികകളിലേക്ക് ഇനിയും നിയമനങ്ങള്‍ നടന്നിട്ടില്ല. മെഡിക്കല്‍ ഓഫീസര്‍ ചാര്‍ജ് എടുക്കാത്തതിനാല്‍ ആരോഗ്യ-പ്രതിരോധ മേഖലയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ചീഫ് എന്‍ജിനീയര്‍ എന്നിവരുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. കോര്പറേഷന് സെക്രട്ടറിയുടെ പ്രത്യേക പദവി ഇനിയും നല്‍കിയിട്ടില്ല. ഐഎഎസുകാരനെ നിയമിക്കാന്‍ പോലും നിയമം ഉണ്ടെന്നിരിക്കെ പഴയ മുനിസിപ്പല്‍ സെക്രട്ടറിയുടെ തസ്തിക തന്നെയാണ് ഇപ്പോഴുമുള്ളത്. സുപ്രധാന സ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ ഒഴിവുകളും പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുന്നു.
നികുതി പിരിവും കാര്യക്ഷമമല്ല
പ്രധാന വരുമാനമാര്‍ഗമായ നികുതിപിരിവ് പോലും കാര്യക്ഷമമായി നടക്കുന്നില്ല. കോര്‍പറേഷനായതോടെ പുതിയ നികുതിഘടന നിലവില്‍ വരണം. എന്നാല്‍, അത്തരത്തിലുള്ള ആലോചന പോലും ഉണ്ടായിട്ടില്ല. പുതുതായി പണിത കെട്ടിടങ്ങള്‍ക്കുപോലും മുനിസിപ്പാലിറ്റിയുടെ നികുതിഘടനയാണുള്ളത്. എഡിബി വായ്പ നേരിട്ടുവാങ്ങാന്‍ പോലും കോര്പറേഷന് അധികാരമുണ്ട്.
അപ്രതീക്ഷിതമായി ഭരണം കിട്ടിയതോടെ ഭരണപക്ഷം പകച്ചുനില്ക്കുകയാണെന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.ഒ. മോഹനന് ആരോപിക്കുന്നു. വ്യക്തമായ പ്ലാനിംഗ് ഇല്ലാതെയാണ് കോര്പറേഷന് മുന്നോട്ടുപോകുന്നത്. നഗരത്തിന്റെ സമഗ്രവികസനം മുന്നില്‍ കണ്ടുകൊണ്ടുണ്ടാക്കിയ മാസ്റ്റര്‍ പ്ലാന്‍ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതീക്ഷയോടെ….
വിവിധ വകുപ്പുകളിലായി 150 ഉദ്യോഗസ്ഥര്‍ കോര്‍പറേഷനിലുണ്ട്. 160 തൊഴിലാളികളും 160 കണ്ടിജന്റ് ജീവനക്കാരുമുണ്ട്. 1969 ല്‍ പണിത കോര്പറേഷന് കെട്ടിടം ജീര്‍ണാവസ്ഥയിലാണ്. 30 കോടി രൂപ ചെലവഴിച്ച് പുതുക്കിപ്പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. അടിസ്ഥാന വികസനത്തിന് 70 കോടി രൂപയും ബജറ്റിലുണ്ട്. നഗരത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ആധുനികരീതിയിലുള്ള 60 കാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഗാന്ധിസ്ക്വയര്‍ ഡിവൈഡര്‍ പുതുക്കിപ്പണിയുന്ന പ്രവൃത്തിയും ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ അടിയന്തരശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ കണ്ണൂര്‍ കോര്പറേഷന് വെറും നഗരസഭയായി തന്നെ നിലനില്ക്കും.