നൂറ്റിമുപ്പത് കോടിക്ക് സാക്ഷ്യമായി സാക്ഷി

fb-sakshiഡെന്നീസ് ജോസഫ് ഏബ്രഹാം
ന്യൂഡല്‍ഹി: മെഡല്‍പ്പട്ടികയില്‍ രാജ്യം പ്രതീക്ഷിച്ചിരുന്ന താരങ്ങള്‍ ഓരോന്നായി റിയോയിലെ മണ്ണില്‍ പൊലിഞ്ഞുവീണപ്പോള്‍ ഭാരതീയരുടെ അഭിമാനമുയര്‍ത്തിയ സാക്ഷി മാലിക്ക് മലര്‍ത്തിയടിച്ചത് കിര്‍ഗിസ്ഥാന്‍ താരം ഐസുലു ടിന്‍ബെക്കോവയെ മാത്രമായിരുന്നില്ല, പെണ്‍കുട്ടികള്‍ ഗോദയിലിറങ്ങുന്നതിനെ എതിര്‍ത്ത നാടിന്റെ ചിന്താഗതിയെ കൂടിയാണ്. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവും ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയെന്ന നേട്ടവുമാണ് സാക്ഷി സ്വന്തമാക്കിയത്.

ഇന്ത്യന്‍ ഗുസ്തിയുടെ പിതൃസ്ഥാനം അവകാശപ്പെടാവുന്ന ഹരിയാനയില്‍ നിന്നാണ് സാക്ഷി റിയോയിലെത്തിയത്. 1992 സെപ്റ്റംബര്‍ മൂന്നിന് ഹരിയാനയിലെ റോത്തക്കില്‍ ജനിച്ച സാക്ഷി 12-ാമത്തെ വയസില്‍ കോച്ച് ഈശ്വര്‍ സിംഗ് ദാഹിയയുടെ കീഴിലാണ് ഗുസ്തി പരിശീലനം ആരംഭിക്കുന്നത്. ഗുസ്തിയില്‍ താല്‍പര്യം പ്രകടിപ്പിച്ച മകളെ പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പിനെ മറികടന്ന് പ്രോത്സാഹിപ്പിക്കുകയായിരുന്നു മാതാപിതാക്കളായ സുദേഷ് മാലിക്കും സുഖവീര്‍ മാലിക്കും ചെയ്തത്.

2002ല്‍ ചോതു റാം സ്റ്റേഡിയത്തില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ഗുസ്തി പഠിക്കാന്‍ പെണ്‍കുട്ടികള്‍ എത്തിയപ്പോള്‍ കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടത്. സിംഹങ്ങള്‍ക്കൊപ്പമാണ് ആട്ടിന്‍കുട്ടികളെ പാര്‍പ്പിക്കുന്നത് തുടങ്ങിയ പരിഹാസ വാക്കുകള്‍ നേരിട്ടെങ്കിലും പെണ്‍കുട്ടികളേയും ഗുസ്തിയുടെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ദാഹിയ തീരുമാനിക്കുകയായിരുന്നു. സാക്ഷിക്കൊപ്പം കവിത, സുനിത നെഹ്‌റ, സുഷ്മ, സോണിയ തുടങ്ങിയ വനിതാ ഗുസ്തി പെണ്‍കുട്ടികളാണ് റോത്തക്കിലെ സെന്ററില്‍ വളര്‍ന്നു വന്നത്. ചെറുപ്പത്തില്‍ തന്നെ കരുത്തരായ ആണ്‍കുട്ടികളെ മലര്‍ത്തിയടിച്ചാണ് പെണ്‍കുട്ടികള്‍ക്ക് അസാദ്ധ്യം എന്നു പറഞ്ഞ ഗുസ്തിയില്‍ സാക്ഷി വളര്‍ന്നത്.

2010ല്‍ 18-മത്തെ വയസില്‍ ജൂനിയര്‍ തലത്തില്‍ സാക്ഷി വരവ് അറിയിച്ചു. 59 കിലോഗ്രാം വിഭാഗത്തില്‍ ലോക ജൂണിയര്‍ റെസ്‌ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം. 2014ല്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം, 2014 ഓഗസ്റ്റില്‍ ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍, 2015 മേയില്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍, 2016 ജൂലൈയില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ സ്പാനിഷ് ഗ്രാന്റ് പ്രീയില്‍ വെങ്കലം എന്നിവ പ്രധാന നേട്ടങ്ങളാണ്.

Related posts