കൊച്ചി: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളുടെ കൂട്ടുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഏഴു കൂട്ടുപ്രതികളാണുള്ളതെന്നാണ് പരാതിയിലുള്ളത്. ഇത്രയും പേര് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി കോര്പറേഷന് യുഡിഎഫ് കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ടിബിന്‍ ദേവസി, കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഫിയാസ്(42), തമ്മനം സ്വദേശി ഷമീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്.
എളമക്കര ജവാന് ക്രോസ് റോഡില്‍ കോസ്മിക് ഇന്നവേഷന്‍സ് എന്ന സ്ഥാപനം നടത്തുന്ന കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് സ്വദേശി കൃഷ്ണമണിയാണ് മര്‍ദനത്തിനിരയായത്.
40 ലക്ഷം രൂപ ആവശ്യപ്പെട്ട് ടിബിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ഏഴിനാണ് കൃഷ്ണമണിയെ തട്ടിക്കൊണ്ടുപോയത്.
തുടര്‍ന്ന് രണ്ട് ലക്ഷം രൂപ ഇയാളുടെ പക്കല്‍നിന്ന് ഓണ്‍ലൈന്‍ വഴി കൈപ്പറ്റുകയും ചെയ്തു. കൃഷ്ണമണിയും ഫിയാസും 2017 വരെ ഖത്തറില്‍ ഒരുമിച്ചായിരുന്നു.
ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. കൃഷ്ണമണി പുതിയ സ്ഥാപനം തുടങ്ങിയപ്പോള്‍ ഫിയാസ് ജോലിക്കാരനായി ഒപ്പംകൂടി. സ്ഥാപനത്തിനോട് ചേര്‍ന്നാണ് ഇയാള്‍ താമസിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെ ഫിയാസ് സുഹൃത്തുക്കളുമായി എത്തി സാമ്പത്തിക കാര്യങ്ങള്‍ പറഞ്ഞ് കൃഷ്ണമണിയുമായി വാക്കുതര്‍ക്കമായി.
ഫിയാസിന് നല്‍കാനുള്ള 40 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തര്‍ക്കം. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് നാലോടെ ഫിയാസും സംഘവും ചേര്‍ന്ന് കൃഷ്ണമണിയെ ഫിയാസിന്റെ ഭാര്യയുടെ കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് അവശനാക്കുകായിരുന്നുവെന്നു പോലീസ് പറയുന്നു.
പിന്നീട് ഇയാളെ ഭാര്യാ പിതാവ് ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിക്ക് സമീപമെത്തിച്ച ശേഷം 20 ലക്ഷം രൂപ ഉടന്‍ നല്‍കാമെന്ന് കാണിച്ച് മുദ്രപത്രത്തില്‍ ഒപ്പിട്ടു വാങ്ങി. രണ്ട് ലക്ഷം രൂപ ഫിയാസ് ഓണ്‍ലൈനായി വാങ്ങിയെടുത്തതായും പോലീസ് പറയുന്നു.