കോയന്പത്തൂർ: പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുവന്ന കേസിൽ മലയാളിയുവതി അറസ്റ്റിൽ. പാലക്കാട് കൊടുവായൂർ കുരങ്ങോട് സ്വദേശിനി ഷംന(34)യെയാണ് അറസ്റ്റ് ചെയ്തത്.
സഹായിച്ച മറ്റൊരു സ്ത്രീയെ ചോദ്യം ചെയ്തുവരുന്നതായി പൊള്ളാച്ചി പോലീസ് അറിയിച്ചു. പൊള്ളാച്ചി സ്വദേശികളായ ദിവ്യഭാരതി- യൂനസ് ദന്പതിമാരുടെ ജൂണ്‍ 29ന് ജനിച്ച പെണ്‍കുഞ്ഞിനെയാണ് ആശുപത്രിക്കിടക്കയിൽനിന്നു കാണാതായത്.
ഞായറാഴ്ച രാവിലെയാണു ഷംന പൊള്ളാച്ചിയിലെ ആശുപത്രിയിൽനിന്നു നാലുദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തത്.
തുടർന്ന് ട്രെയിൻ മാർഗം പാലക്കാട് കൊടുവായൂരിലെ ഭർതൃവീട്ടിലേക്കു വരികയായിരുന്നു. ഇവിടെനിന്നാണു പോലീസ് യുവതിയെ പിടികൂടിയത്. കുഞ്ഞിനെ പൊള്ളാച്ചിയിലെത്തിച്ച് മാതാപിതാക്കൾക്കു കൈമാറി.
കൊടുവായൂർ സ്വദേശിയായ മണികണ്ഠനാണു ഷംനയുടെ ഭർത്താവ്. യുവതിയുടെ രണ്ടാംവിവാഹമാണിത്. നേരത്തേ ഭർതൃവീട്ടിലും അയൽക്കാരോടും താൻ ഗർഭിണിയാണെന്നു യുവതി കള്ളംപറഞ്ഞിരുന്നു.
എന്നാൽ പ്രദേശത്തെ ആശാ വർക്കർ ഇവരുമായി ഫോണിൽ ബന്ധപ്പെടുന്പോൾ പരസ്പരവിരുദ്ധമായ മറുപടികളാണ് ലഭിച്ചിരുന്നത്.
ഒടുവിൽ പ്രസവം നടന്നതായി യുവതി ഭർതൃവീട്ടിൽ അറിയിച്ചു. എന്നാൽ കുഞ്ഞ് ഐസിയുവിലാണെന്നാണ് ഇവരോടു പറഞ്ഞിരുന്നത്.
ഭർത്താവിനെപ്പോലും കുഞ്ഞിനെ കാണിച്ചിരുന്നില്ലെന്നാണു വീട്ടുകാർ പറയുന്നത്. ഭർത്താവും ഭർതൃവീട്ടുകാരുമെല്ലാം കുഞ്ഞിനെ കാണാനായി ആശുപത്രിയിൽ എത്തിയപ്പോഴും കുഞ്ഞ് ഐസിയുവിലാണെന്നു പറഞ്ഞ് തിരികെ അയക്കുകയായിരുന്നു.
തുടർന്നാണ് കഴിഞ്ഞദിവസം രാവിലെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ തട്ടിയെടുത്തത് പാലക്കാട്ടെ വീട്ടിലേക്ക് യുവതി വന്നത്.