കേരള കോണ്‍ഗ്രസ്(ബി)യുടെ സംസ്ഥാന ക്യാമ്പ് 26,27 തീയതികളില്‍ ചരല്‍ക്കുന്നില്‍ നടക്കും

Balakrishnaകോട്ടയം: കേരള കോണ്‍ഗ്രസ്(ബി)യുടെ സംസ്ഥാന  ക്യാമ്പ് 26,27 തീയതികളില്‍ ചരല്‍ക്കുന്നില്‍ നടക്കും. യുഡിഎഫ് മുന്നണി വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാന്‍ തുടങ്ങിയതിനുശേഷം ആദ്യമായാണ് ഇത്രയും വിപുലമായി പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ക്യാമ്പ് നടത്തുന്നത്. കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന നേതാക്കള്‍ക്കു പുറമേ പോഷക സംഘടനകളായ യൂത്ത് ഫ്രണ്ട് (ബി), കെടിയുസി, ദളിത് കോണ്‍ഗ്രസ്, കെഎസ്‌സി തുടങ്ങിയവയുടെ സംസ്ഥാന നേതാക്കളും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.

26നു ഉച്ചകഴിഞ്ഞു മൂന്നിനു പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ എല്ലാ കക്ഷികളുടെയും നേതാക്കള്‍ എത്തുന്നുണ്ട്. ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്നത് കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം ചെയര്‍മാന്‍ സ്കറിയ തോമസാണ്.

ജനാധിപത്യ കേരള കോണ്‍ഗ്രസ് ലീഡര്‍ ഡോ. കെ.സി. ജോസഫാണ് നേതൃത്വ പ്രഭാഷണം നടത്തുന്നത്. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബു, ജനതാദള്‍ സെക്കുലര്‍ സംസ്ഥാന പ്രസിഡന്റ് എ. നീലലോഹിതദാസന്‍ നാടാര്‍, സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം എം.പത്മകുമാര്‍ തുടങ്ങിയവര്‍ ക്യാമ്പിനോടനുബന്ധിച്ചുള്ള വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. 27നു  ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന സമാപന സമ്മേളനത്തോടെ ക്യാമ്പ് സമാപിക്കും.

Related posts