മനസ്സുകളില്‍ വികസനം ചുരുങ്ങുന്നു, ജീവകാരുണ്യം കുറയുന്നു: എ.കെ. ആന്റണി എംപി

TVM-ANTONYനെയ്യാറ്റിന്‍കര: മനസുകളില്‍ വികസനം ചുരുങ്ങുന്നതായും സമൂഹത്തില്‍ ജീവകാരുണ്യം കുറയുന്നതായും എ.കെ. ആന്റണി എംപി അഭിപ്രായപ്പെട്ടു. എല്‍ഡേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മുതിര്‍ന്ന പൗരന്മാരുടെ താമസത്തിനും പരിചരണത്തിനും ആരോഗ്യപരിപാലനത്തിനുമായി നടത്തുന്ന നെയ്യാറ്റിന്‍കര ഹാപ്പി ഹോമിലെ മഹാത്മാഗാന്ധി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുതിര്‍ന്ന പൗരന്മാരോടുള്ള കുടുംബങ്ങളിലെ താത്പര്യം കുറഞ്ഞു വരുന്നു. അവരെ മൂന്നാം തര പൗരന്മാരായിട്ടാണ് കണക്കാക്കുന്നത്. പഴയ കൂട്ടുകുടുംബം ഇന്ന് അണുകുടുംബമായി. അതോടൊപ്പം നട തള്ളല്‍ എന്ന പ്രാകൃതമായ ഏര്‍പ്പാടും വര്‍ധിച്ചു. സമൂഹം കാടത്തത്തിലേയ്ക്ക് പോവുകയാണെന്ന് ആന്റണി പറഞ്ഞു. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമകേന്ദ്രങ്ങള്‍ വ്യാപകമായേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന ആളുകള്‍ക്ക് പരിഗണന ആവശ്യമാണെന്ന് ഹാപ്പി ഹോമിലെ ജവഹര്‍ലാല്‍ നെഹൃ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഓര്‍മിപ്പിച്ചു. പകല്‍വീടുകള്‍ പലതും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്നും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ഓള്‍ഡ് ഏജ് ഹോമുകള്‍ക്കും പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ക്കും മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

അസോസിയേഷന്‍ പ്രസിഡന്റ് വി.കെ.എന്‍ പണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. ആന്‍സലന്‍ എംഎല്‍എ, നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ ഷിബു, നിംസ് എംഡി എം.എസ് ഫൈസല്‍ഖാന്‍, നെയ്യാറ്റിന്‍കര സനല്‍, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. വിജയകുമാര്‍, ട്രഷറര്‍ പി. മുരളീധരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts