എല്‍ഇഡി ബള്‍ബ് നിര്‍മിച്ച് കീഴത്തൂര്‍ യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍

knr-ledകൂത്തുപറമ്പ്: വൈദ്യുതോര്‍ജം സംരക്ഷിച്ച് നാടിന് വെളിച്ചമേകാനൊരുങ്ങുകയാണ് മമ്പറം കീഴത്തൂര്‍ യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍. കുറഞ്ഞ വൈദ്യുതി കൊണ്ട് കൂടുതല്‍ പ്രകാശം നല്കുന്ന എല്‍ഇഡി ബള്‍ബ് നിര്‍മിക്കുന്ന സംരംഭത്തിനാണ് വിദ്യാര്‍ഥികള്‍ തുടക്കമിട്ടിരിക്കുന്നത്.    സ്കൂളിലെ ഇലക്ട്രോണിക്‌സ് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി. സ്കൂളിലെ 5, 6, 7 ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നിന്ന് പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 20 പേരാണ് എല്‍ഇഡി ബള്‍ബ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിനായി പ്രത്യേക ലാബും സജീകരിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്നാണ് നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ എത്തിക്കുന്നത്.

ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ഇ.രാഗേഷ്, മുഖ്യാധ്യാപിക രത്‌നാവതി, അധ്യാപകന്‍ കെ.ഒ.സുജിത്ത് എന്നിവരാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനമടക്കമുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത്. എല്‍ഇഡി ബള്‍ബ് നിര്‍മാണ യൂണിറ്റ് തലശ്ശേരി ഡി.ഇ.ഒ.എം.പി.വനജ ഉദ്ഘാടനം ചെയ്തു. പി.കെ.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. എഇഒ ടി.പി.നിര്‍മലാദേവി, കെ.വി.സുരേഷ് ബാബു, ടി.കെ.ഭാസ്കരന്‍, കെ.ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.

Related posts