കണ്ണൂർ: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പ് പങ്കിട്ട് മകൻ ബിനീഷ് കോടിയേരി. കോടിയേരി എന്ന സഖാവിനെക്കുറിച്ചും അച്ഛനെക്കുറിച്ചും പാർട്ടി നോക്കാതെയുള്ള സൗഹൃദങ്ങളെക്കുറിച്ചുമാണ് ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
മരണസമയത്തും ശേഷവും വീട്ടിലെത്തി ആശ്വസിപ്പിച്ച നേതാക്കളുടെ വാക്കുകൾ എടുത്തു പറഞ്ഞാണ് ബിനീഷ് അച്ഛനെ ഓർക്കുന്നത്.
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസക്ത ഭാഗങ്ങൾ ചുവടെ;
കോടിയേരി എന്ന മനുഷ്യൻ എന്തായിരുന്നു, എങ്ങനെയായിരുന്നു എന്നും ജീവിച്ചിരുന്ന കാലത്തെ കോടിയേരി ജനങ്ങളുടെ ഹൃദയങ്ങളിൽ എങ്ങനെയാണ് അടയാളപ്പെട്ടത് എന്നും കോടിയേരിയുടെ വിയോഗത്തോടെയാണ് മനസിലാവുന്നത്… അത്രയേറെ ജനങ്ങളാൽ അല്ലെങ്കിൽ ജനങ്ങളോട് ചേർന്നുനിന്നിരുന്നു അച്ഛൻ…..
മരണശേഷം അച്ഛനെ കാണാൻ വന്ന ആളുകൾ, ഞങ്ങളെ കാണാൻ വന്ന ആളുകൾ, ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ആളുകൾ എല്ലാം, അച്ഛനിലേക്കുള്ള പടിക്കെട്ടുകൾ ഇനിയും ധാരാളം അവശേഷിക്കുന്നു എന്ന തിരിച്ചറിവാണ് എനിക്ക് നൽകുന്നത്.
കേരളത്തിന്റെ രാഷ്ട്രീയ വിഹായസിൽ പിണറായിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന് നഷ്ടമായിരിക്കുന്നത് എന്ന് കേരളം കണ്ടു. കോടിയേരിയെ അടയാളപ്പെടുത്തുമ്പോൾ പിണറായി ഇല്ലാതെയും പിണറായിയെ അടയാളപ്പെടുത്തുമ്പോൾ കോടിയേരി ഇല്ലാതെയും പൂർണമാകില്ല
മറ്റൊന്ന് ഉമ്മൻചാണ്ടി അങ്കിൾ ഞങ്ങളെ കാണാൻ വീട്ടിൽ വന്നതാണ്, ആ വരവ്, അദ്ദേഹവും അച്ഛനും തമ്മിലുണ്ടായിരുന്ന ദൃഢമായ ബന്ധം മനസിലാക്കിത്തന്നു,
അന്ന് വീട്ടിൽ വന്നപ്പോൾ സ്പീക്കർ ഷംസീർ, അങ്കിളിനോട് പറഞ്ഞു ” സർ ഈ സമയത്തും ഇവിടെ വരും എന്ന് ഞങ്ങൾ കരുതിയില്ല, എനിക്ക് അറിയാം സാറും ബാലകൃഷ്ണേട്ടനുമായുള്ള ബന്ധം.’ അപ്പോൾ അങ്കിൾ പറഞ്ഞത് ഇത് എന്റെ കൂടി കുടുംബമാണ് ഇവിടെ വരാതെ ഇരിക്കാൻ എനിക്കാവില്ലലോ എന്നാണ് …
അച്ഛനില്ലാത്ത വർത്തമാനകാലത്തിലാണ് ഇനി ജീവിക്കേണ്ടത്, ഒരു പുതിയ തുടക്കമാവാം എന്ന തിരിച്ചറിവിന്റെ മുറിവും വേദനയും ശരിയായി വരാൻ സമയമെടുത്തേക്കാം ..
എങ്കിലും അച്ഛൻ തന്ന കരുത്തോടെ തന്നെ മരണം വരെയും ഈ പാർട്ടിയോടൊപ്പം സഞ്ചരിക്കും… സഖാവ് കോടിയേരി എന്റെ അച്ഛൻ അത്രയും നിറഞ്ഞ ഒരു സ്നേഹ പെയ്ത്തായിരുന്നു