അമ്പലപ്പുഴ: കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന ജാഥയുടെ പ്രചാരണ ഫ്ലെക്സിൽ ഉദ്ഘാടകനായ ഡിസിസി പ്രസിഡന്റിന്റെ പേരും ചിത്രവും ഒഴിവാക്കിയതിനെച്ചൊല്ലി വിവാദം.
അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന പൗര വിചാരണ ജാഥയുടെ പ്രചാരണ ഫ്ളെക്സിൽനിന്നാണ് ഡിസിസി പ്രസിഡന്റ് അഡ്വ. ബി. ബാബു പ്രസാദിന്റെ ചിത്രം ഒഴിവാക്കിയത്.
എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ ചിത്രം ഉൾപ്പെടുത്തിയപ്പോൾ ഉദ്ഘാടകൻ കൂടിയായ ഡിസിസി പ്രസിഡന്റിന്റെ ചിത്രം ഒഴിവാക്കിയത് കോൺഗ്രസിൽ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.
അമ്പലപ്പുഴയിലെ ഗ്രൂപ്പു തർക്കമാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. ശനിയാഴ്ച രാവിലെ കരുമാടി ജംഗ്ഷനിൽനിന്നാരംഭിക്കുന്ന ജാഥയുടെ ഉദ്ഘാടനം ബി. ബാബു പ്രസാദാണ്. അടുത്തിയെ കോട്ടയം കേൺഗ്രസിലും ഫ്ലെക്സ് വിവാദം ഉയർന്നിരുന്നു.