എന്തിന് സ്‌കൂളില്‍ പോയി സമയം പാഴാക്കണം ! ഞങ്ങള്‍ ഇവിടം വരെ എത്തിയത് ഇതൊന്നുമില്ലാതെയാണ്; താലിബാന്‍ വിദ്യാഭ്യാസമന്ത്രിയുടെ വാക്കുകള്‍ കേട്ട് വാപൊളിച്ച് ലോകം…

അഫ്ഗാനില്‍ താലിബാന്റെ ഭീകരവാദി ഭരണകൂടം അധികാരമേറ്റതോടെ രാജ്യത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനി ദൈവം മാത്രമേ ഉള്ളൂ എന്ന അവസ്ഥയാണ്.

പുതിയ സര്‍ക്കാരിനെ മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ് നയിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതിനിടെ, ഉന്നത വിദ്യാഭ്യാസത്തെപ്പറ്റി വിലകുറച്ചു സംസാരിക്കുന്ന വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മൗലവി നൂറുല്ല മുനീറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

‘പിഎച്ച്ഡിയോ മാസ്റ്റേഴ്‌സ് ബിരുദമോ ഇന്നു മൂല്യമുള്ളതല്ല. നിങ്ങള്‍ നോക്കൂ, മുല്ലാമാരും താലിബാന്‍കാരും ഇവിടെ അധികാരത്തിലെത്തിയിരിക്കുന്നു.

അവര്‍ക്കാര്‍ക്കും പിഎച്ച്ഡിയോ ബിരുദാനന്തര ബിരുദമോ എന്തിനു പലര്‍ക്കും ഹൈസ്‌കൂള്‍ പഠനം പോലുമില്ല. പക്ഷേ എല്ലാവരും മഹാന്മാരാണ്.’ ഷെയ്ഖ് മൗലവി നൂറുല്ല മുനീറിന്റേതായി പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നു. ഈ വീഡിയോ വന്‍വിമര്‍ശനത്തിനാണ് വഴിവെച്ചിരിക്കുന്നത്.

അതേസമയം, ഭാവിയില്‍ അഫ്ഗാന്റെ ഭരണപരമായ കാര്യങ്ങളും ജീവിതക്രമവും എല്ലാം ശരിയത്ത് നിയമപ്രകാരം ആയിരിക്കുമെന്നു പുതിയ പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ് പ്രസ്താവനയില്‍ അറിയിച്ചു.

ഓഗസ്റ്റ് 15ന് കാബൂള്‍ പിടിച്ചെടുത്ത ശേഷം താലിബാന്‍ തലവന്റെ ആദ്യ പൊതുപ്രസ്താവനയാണിത്. വിദേശ ശക്തികളില്‍നിന്നു രാജ്യം സ്വതന്ത്രമായതില്‍ എല്ലാ അഫ്ഗാന്‍കാരെയും അദ്ദേഹം അഭിനന്ദിച്ചു.

പുതിയ മന്ത്രിസഭയിലെ പലരും ഭീകരപ്പട്ടികയില്‍ ഉള്ളതിനാല്‍ കാര്യങ്ങള്‍ ലോകം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പ്രതികരിച്ചു.

താലിബാന്‍ സ്ഥാപകന്‍ മുല്ലാ ഉമറിനൊപ്പം പ്രവര്‍ത്തിച്ച അഖുന്ദ്, മുന്‍ താലിബാന്‍ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു.

താലിബാന്‍ സ്ഥാപക നേതാവും രാഷ്ട്രീയകാര്യ മേധാവിയുമായ മുല്ലാ അബ്ദുല്‍ ഗനി ബറാദര്‍ ആണ് ഒന്നാം ഉപപ്രധാനമന്ത്രി. മൗലവി ഹനഫി രണ്ടാം ഉപപ്രധാനമന്ത്രിയാകും.

മുല്ലാ ഉമറിന്റെ മകന്‍ മുല്ലാ യാക്കൂബാണു പ്രതിരോധ മന്ത്രി. താലിബാനിലെ തീവ്രവിഭാഗമായ ഹഖാനി ശൃംഖലയുടെ തലവന്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ മകന്‍ സിറാജുദ്ദീന്‍ ഹഖാനിയാണ് ആഭ്യന്തര മന്ത്രി.

അമീര്‍ഖാന്‍ മുത്തഖി വിദേശകാര്യമന്ത്രിയും താലിബാന്‍ ദോഹ ഓഫിസ് ഉപമേധാവി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായ് വിദേശകാര്യ സഹമന്ത്രിയുമാകും.

എല്ലാ നിയമനങ്ങളും താല്‍ക്കാലികമാണെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. താലിബാന്റെ അധികാര നിര്‍ണയ കൗണ്‍സില്‍ മേധാവിയായ മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ് ഇപ്പോള്‍ കാണ്ഡഹാറിലാണെന്നാണു സൂചന. മുന്‍പ് 1996 മുതല്‍ 2001 വരെയാണ് താലിബാന്‍ അഫ്ഗാന്‍ ഭരിച്ചത്.

Related posts

Leave a Comment