പാലക്കാട്: ജനവികാരത്തെ മാനിക്കാതെ ഒരു പദ്ധതിയും ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി എ കെ ബാലന്. പദ്ധതിക്കള്‍ക്കായി സ്ഥലമേറ്റടുക്കുമ്പോള്‍ വീടും സ്ഥലവും വിട്ടുനല്കുന്നവര്ക്ക്് ന്യായമായ വില നല്‍കുമെന്നും സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ജനങ്ങളെ കുടിയിറക്കില്ലെന്നും മന്ത്രി അറിയിച്ചു. പെരുങ്ങോട്ടുകുറുശ്ശി ഞാവുളിന്‍കടവ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പെരുങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പ്രദേശത്തെ കര്‍ഷകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൃഷി ഭൂമിയും വീടും വിട്ടു നല്‍കിയവരുമായി മന്ത്രിയും പെരുങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംസാരിച്ചു.
പ്രശ്നപരിഹാരം കാണുവാന്‍ പ്രസിഡന്റിനെ മന്ത്രി ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് യോഗം ചേരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എ വി ഗോപിനാഥ്, വൈസ് പ്രസിഡന്റ് ഭാഗ്യലത, പഞ്ചായത്ത് അംഗങ്ങളായ മോഹന്‍ദാസ്, അനീഷ, ബിജു, ധന്വന്തരി, പങ്കജം, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജേഷ് ചന്ദ്രന്, ഷൊര്‍ണ്ണൂര്‍ ഡിവിഷന് അസിസ്റ്റന്റ് എന്‍ജിനീയര്‍ സി ജി ഷാജി, പഞ്ചായത്ത് സെക്രട്ടറി രാമന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു. പെരുങ്ങോട്ടുകുറുശ്ശി, ലക്കിടി-പേരൂര്‍ ഗ്രാമപഞ്ചായത്തുക്കള് തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഞാവുളിന്‍കടവ് പാലം.
പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ പൊള്ളാച്ചിയിലേക്കും പാലക്കാട് നഗരം ബന്ധപ്പെടാതെ കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാവും. 41 കോടി രൂപയാണ് നിര്‍മ്മാണചെലവായി ഇപ്പോള്‍ കണക്കാക്കുന്നത്. പാലത്തിന്റെ പൊതു പദ്ധതി രൂപരേഖ പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷന് ചീഫ് എന്‍ജിനീയര്‍ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായി പ്രവൃത്തിക്കുന്ന സ്റ്റുപ്പ് കണ്‍സള്‍ട്ടന്‍സിയാണ് പദ്ധതി രൂപ രേഖ തയ്യാറാക്കിയിരിക്കുന്നത്. അഞ്ചേക്കര്‍ 64 സെന്റ് ഭൂമിയാണ് പാലം നിര്‍മ്മാണത്തിന് ആവശ്യമായി വരുന്നത്. ഇതില്‍ 367 സെന്റ് ഭൂമി പെരുങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്നതാണ്. 561 മീറ്റര്‍ നീളം വരുന്ന പാലത്തിന് പതിനൊന്ന് മീറ്റര്‍ വീതിയാണ് ഉണ്ടാവുക. റയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്.