അഗളി: കലിപൂണ്ട കാട്ടുകൊമ്പന്‍ വീടിന്റെ ജനാലയും വാതിലും തകര്‍ത്തു. മുറിക്കുള്ളിലുണ്ടായിരുന്ന വിദ്യാര്‍ഥികളായ പേരക്കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാവിലെ ഏഴിനായിരുന്നു കാട്ടാനയുടെ അക്രമണം. കുറവന്‍പാടിയില്‍ പരേതനായ ചെറുവിളാത്ത് അബ്രഹാമിന്റെ ഭാര്യ മോനിക്ക അബ്രഹാമിന്റെ വീടാണ് ആന തകര്‍ത്തത്. വിദ്യാര്‍ഥികളായ അബ്ജിന്‍, മെല്‍വിന്‍, മെല്‍ജോ, മെജിന്‍, രണ്ടു വയസുകാരി ദിയ എന്നിവരാണ് മുറിക്കുള്ളിലുണ്ടായിരുന്നത്. മുത്തശിയോടൊപ്പം ഓണം ആഘോഷിക്കാനെത്തിയതായിരുന്നു കുട്ടികള്‍. കാട്ടാനയെ മുറ്റത്തുകണ്ട് ഭയചകിതരായി നോക്കുന്നതിനിടെ ആന ജനല്‍ കുത്തിപ്പൊളിച്ച് വീടു തകര്‍ക്കുകയായിരുന്നു. വീടിന്റെ ഭിത്തിയും ജനലും തകര്‍ന്നുവീണതോടെ ആന പിന്‍വാങ്ങി. കുട്ടികള്‍ അടുക്കളയില്‍ അമ്മൂമ്മയുടെ അടുത്ത് അഭയം തേടി.
ആറു മാസത്തിലധികമായി പ്രദേശത്ത് കാട്ടാന ശല്യം തുടരുകയാണ്. നിരവധിപേര്‍ ഇതിനകം കാട്ടാനയുടെ മുമ്പിലകപ്പെട്ട് അപകടത്തില്‍പെട്ട് പരിക്കേറ്റു. വാഹനങ്ങളും കടകളും കൃഷിയും നശിപ്പിച്ചുകൊണ്ട് കാട്ടാനശല്യം തുടരുകയാണ്. ലക്ഷക്കണക്കിനു രൂപയുടെ നാശം വിതച്ച് ഭീതി പരത്തി കാട്ടാന വിലസുന്ന സാഹചര്യത്തിലും അധികൃതര്‍ക്ക് കുലുക്കമില്ല. ആറുമാസത്തിനിടെ അര ഡസനിലധികം പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മൃതദേഹങ്ങളുമായി റോഡ് ഉപരോധവും ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉപരോധവും അടക്കമുള്ള സമരം നടത്തുന്ന നാട്ടുകാര്‍ക്ക് മോഹനവാഗ്ദാനങ്ങള്‍ നല്കി സമരം അവസാനിപ്പിക്കുന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ല. വന്യമൃഗശല്യത്തില്‍ അകപ്പെട്ട് വഴിയും അടിസ്ഥാന സൗകര്യവുമില്ലാതെ ദുരിതജീവിതം നയിക്കുകയാണ് ഗ്രാമവാസികള്‍.
വന്യമൃഗശല്യം അതിരൂക്ഷമായ സാഹചര്യത്തില്‍ അധികൃതരുടെ കണ്ണുതുറപ്പിക്കുന്നതിനായി ശക്തമായ സമരപരിപാടികള്‍ ഉടന്‍ സംഘടിപ്പിക്കാന്‍ ഗ്രാമവാസികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടുണ്ട്. വാഗ്ദാനങ്ങളല്ല, വാഗ്ദാനങ്ങള്‍ നടപ്പാക്കുന്ന നടപടികളാണ് ഉണ്ടാകേണ്ടതെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. കക്ഷിരാഷ്ട്രീയ ഭേദമെന്യെ മുഴുവന്‍ പേരേയും പങ്കെടുപ്പിച്ചുള്ള സമരമുറകള്‍ സംഘടിപ്പിക്കുമെന്ന് പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍ അറിയിച്ചു.