ലിസിയും പ്രിയദര്‍ശനും ഇരുവഴിപിരിഞ്ഞു! അവസാനിച്ചത് 24 കൊല്ലത്തെ ദാമ്പത്യജീവിതം; വിവാഹമോചനം അനുവദിച്ചത് ചെന്നൈ കുടുംബ കോടതി

Lissyചെന്നൈ: മലയാള സിനിമാ രംഗത്തെ ഒരു താരജോഡികള്‍ കൂടി വഴിപിരിഞ്ഞു. ലിസി-പ്രിയദര്‍ശന്‍ ദമ്പതികളാണ് വിവാഹമോചനം നേടിയത്. ചെന്നൈ കുടുംബ കോടതിയാണ് വിവാഹമോചനം അനുവദിച്ചത്. ഇരുവരും സംയുക്തമായി നല്‍കിയ ഹര്‍ജിയിലാണ് വിധി. ഏറെക്കാലമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. എണ്‍പതുകളില്‍ പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ സ്ഥിരം നായികാ സാന്നിധ്യമായിരുന്നു ലിസി. ഏറെക്കാലം നീണ്ട പ്രണയത്തിനു ശേഷം 1990 ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹം. ചെന്നൈയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

24 കൊല്ലത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2014ല്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചവിവരം മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. രണ്ടുപേരെയും ഒന്നിപ്പിക്കാന്‍ സുഹൃത്തുക്കളായ കമല്‍ഹാസനും മോഹന്‍ലാലുമടക്കമുള്ളവര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മക്കളായ കല്ല്യാണിയും സിദ്ധാര്‍ഥും വിദേശത്താണ്. നേരത്തെ കുടുംബകലഹം ചൂണ്ടിക്കാട്ടി പ്രിയദര്‍ശനെതിരെ ലിസി ചെന്നൈ എഗ്മൂറിലെ മജിസ്‌ട്രേറ്റ് കോടതിയിലും ലിസിക്കെതിരെ പ്രിയദര്‍ശന്‍ മദ്രാസ് ഹൈക്കോടതിയിലും കേസ് നല്‍കിയിരുന്നു. ഇവര്‍തമ്മിലുണ്ടായിരുന്ന സ്വത്ത് തര്‍ക്കത്തില്‍ ഹൈക്കോടതി തീര്‍പ്പ് കല്‍പിക്കുകയും ചെയ്തിരുന്നു.

Related posts