നടന്‍ ദിലീപിന്റെ സുരക്ഷിത ഭവനം പദ്ധതിയുടെ പേരില്‍ തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

klm-arrestപത്തനാപുരം: ചലച്ചിത്ര നടന്‍ ദിലീപിന്റെ സുരക്ഷിത ഭവനം പദ്ധതിയിലൂടെ വീട് അനുവദിച്ച് നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയെ കുന്നിക്കോട് പോലീസ് പിടികൂടി. രജിസ്‌ട്രേഷന്‍ ഫീസ് എന്ന വ്യാജേന അഞ്ഞൂറ് രൂപ വീതം ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയ ഇടമണ്‍ തേക്കിന്‍ കൂപ്പ് വാര്‍ഡില്‍ പട്ടയ കൂപ്പില്‍ വാടകയ്ക്ക് താമസിക്കുന്ന രാജീവാ (49) ണ് പോലീസിന്റെ വലയിലായത്. ഇളമ്പല്‍ സ്വദേശി പ്രസന്ന എന്ന വീട്ടമ്മയുടെ പക്കല്‍ നിന്നും രജിസ്‌ട്രേഷന്‍ എന്ന പേരില്‍ അഞ്ഞൂറ് രൂപ വാങ്ങിയിരുന്നു.

ഇതില്‍ സംശയംതോന്നിയ മകള്‍ സുരക്ഷിത ഭവനം പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണന്ന് മനസിലായത്. തുടര്‍ന്ന് ഇവര്‍ കുന്നിക്കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്റെ ഭവനപദ്ധതിയുടെ പേരില്‍ തട്ടിപ്പ് നടക്കുന്നുണ്ടന്നറിഞ്ഞ് നടന്‍ ദിലീപ് കൊല്ലം റൂറല്‍ എസ്പി അജിതാബീഗത്തിനും പരാതി നല്‍കിയിരുന്നു.

കൂടുതല്‍ ആളുകള്‍ തട്ടിപ്പിനെ പറ്റി അറിയുകയും പണം കൊടുക്കാമെന്ന വ്യാജേന കുളത്തൂപ്പുഴയിലേക്ക് വിളിച്ചു വരുത്തുകയും നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു. കൊല്ലം, പത്തനംത്തിട്ട, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി വ്യാപകമായി പണം പിരിച്ചതായി ഇയാളുടെ കൈവശമുളള ഡയറിയില്‍ നിന്നും വിവരം ലഭിച്ചു. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂര്‍, തൊപ്പിച്ചന്ത, ആറ്റിങ്ങല്‍, നഗരൂര്‍ ഭാഗങ്ങളിലുളളവരാണ് കൂടുതലായി തട്ടിപ്പിന് ഇരയായിട്ടുളളത്.

പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട നിര്‍ധന കുടുംബങ്ങളാണ് തട്ടിപ്പിനിരയാവരില്‍ അധികവും. കുന്നിക്കോട് എസ് ഐ ഫറോസ്, അഡീഷണല്‍ എസ്‌ഐ സുരേഷ് കുമാര്‍, അസി.എസ്‌ഐ ഉണ്ണിക്യഷ്ണ പിള്ള,സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിന്ദുലാല്‍, രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹജരാക്കി. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.

Related posts