അതിരുകള്‍ക്കപ്പുറത്തേക്ക് സൂര്യഗായത്രിയുടെ സ്വരം

KKD-SURYAGAYATHRIസ്വന്തം ലേഖകന്‍

നാദാപുരം: സൂര്യഗായത്രിയെന്ന കൊച്ചു ഗായികയുടെ സ്വരം യുട്യൂബിലൂടെ വന്‍ ഹിറ്റ്.  പുറമേരി വെള്ളൂര്‍ ഒതയോത്ത് ക്ഷേത്ര പരിസരത്തെ സൂര്യകാന്തം വീട്ടിലെ പതിനൊന്നുകാരിയാണ്് കര്‍ണാടക സംഗീതത്തിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. സൂര്യഗായത്രി പാടിയ 15 കീര്‍ത്തനങ്ങള്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെയാണ് കുട്ടിയുടെ കഴിവ് പുറംലോകം അറിയുന്നത്.എം.എസ്. സുബ്ബലക്ഷ്മിയുടെ “ഹനുമാന്‍ചാലിസ’… എന്ന് തുടങ്ങുന്ന കീര്‍ത്തനം സൂര്യഗായത്രി പാടിയത് മൂന്നുലക്ഷത്തില്‍പരം പേരാണ് ഇതുവരെ യു ട്യൂബില്‍ ആസ്വദിച്ചത്. ഇതോടെ മുംബൈ ആസ്ഥാനമായ ഷണ്‍മുഖാനന്ദ ഫൈന്‍ ആര്‍ട്‌സ് ആന്‍ഡ് സംഗീത സഭയിലേക്ക് സൂര്യഗായത്രിക്ക് ക്ഷണം ലഭിച്ചു.

കേരളത്തില്‍ നിന്ന് ഇത്തവണ ഈ കൊച്ചുമിടുക്കിക്ക് മാത്രമാണ് പരിപാടിക്ക് ക്ഷണം ലഭിച്ചത്. കര്‍ണാടക സംഗീത കുലപതി സുബ്ബലക്ഷ്മിയമ്മയുടെ 100ാം ജന്മ•ദിനത്തോടനുബന്ധിച്ച് നല്‍കുന്ന അവാര്‍ഡിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അമ്പതോളം  പാട്ടുകാരാണ് ഇവിടുത്തെ പരിപാടിയില്‍ പങ്കെടുത്തത്. കര്‍ണാടക സംഗീതത്തിലെ പ്രഫഷണലിസ്റ്റുകള്‍ വരെ ഉള്‍പ്പെട്ട പരിപാടിയില്‍ “വന്ദേ ഗുരുവരം’ എന്ന കീര്‍ത്തനം ആലപിച്ച് ഏറ്റവും പ്രായം കുറഞ്ഞ സൂര്യഗായത്രി ശ്രദ്ധ നേടി.

ഈ പരിപാടിയില്‍ പദ്മഭൂഷന്‍, പദ്മവിഭൂഷന്‍ ജേതാക്കള്‍ക്കൊരുമിച്ച് വേദി പങ്കിടാനും ഗായത്രിക്ക് കഴിഞ്ഞു. എടച്ചേരി നരിക്കുന്ന് യുപി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിയാണ് സൂര്യഗായത്രി. സ്കൂള്‍ കലാമേളകളില്‍ പങ്കെടുത്ത് വിജയം നേടിയിരുന്നു. യു ട്യൂബിലെ താരമായതോടെ ചെ ൈന്ന,ഹൈദരാബാദ്, കോല്‍ ക്കത്ത, ഡല്‍ഹി എന്നിവി ടങ്ങളിലും സിംഗപ്പൂരിലും നിരവധി പരിപാടികളില്‍ പങ്കെടുത്തുകഴിഞ്ഞു. ശിവരാത്രി ദിനത്തില്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നടത്തിയ സംഗീതവിരുന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു.

ദക്ഷിണാഫ്രിക്കയിലെ സുലുരാജ വംശത്തിന്റെ ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ ഒമ്പതുമുതല്‍ 11 വരെ സംഗീതപരിപാടിയില്‍ അതിഥിയായി പോവുകയാണ് ഈ കൊച്ചുമിടുക്കി. നാദാപുരം പേരോട് നിഷാന്തിനു കീഴില്‍ നാല് വയസുമുതല്‍ സംഗീതം അഭ്യസിച്ചു വന്ന സൂര്യഗായത്രി ഇപ്പോള്‍ കോഴിക്കോട് എസ്.ആനന്ദിന്റെ ശിഷ്യയാണ്.

ചെന്നൈയിലെ കുല്‍ദീപ് എം. പൈയാണ് സംഗീതം റിക്കാര്‍ഡ് ചെയ്ത് പുറംലോകത്തെത്തിച്ചത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ചടങ്ങില്‍ സുബ്ബലക്ഷ്മി പുരസ്കാരം മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗറിന്റെ സാന്നിധ്യത്തില്‍ ആന്ധ്ര ഗവര്‍ണര്‍ ഇ.എസ്.എന്‍ നരസിംഹനില്‍ നിന്നും  ഏറ്റുവാങ്ങി.  മൃദംഗവിദ്വാനായ കലാമണ്ഡലം അനിലിന്റെ മകളാണ്. അമ്മ യുവ കവയിത്രി പി.കെ.ദിവ്യ. സഹോദരന്‍ ശിവസൂര്യ.

Related posts