കൊച്ചി: എറണാകുളത്ത് ഗ്രേഡ് എസ്ഐയുടെ നേതൃത്വത്തില് പോലീസുകാരനെ ഭീഷണിപ്പെടുത്തിയ കേസില് അറസ്റ്റിലായ സ്പാ ജീവനക്കാരിയെ പാലാരിവട്ടം പോലീസ് ഇന്സ്പെക്ടര് എസ്.ആര്. സനീഷിന്റെ നേതൃത്വത്തില് വിശദമായി ചോദ്യം ചെയ്യുന്നു. കേസിലെ മൂന്നാം പ്രതിയും സ്പാ ജീവനക്കാരിയുമായ വൈക്കം സ്വദേശിനി രമ്യയെ ഒളിവില് കഴിഞ്ഞിരുന്ന ചമ്പക്കരയില് നിന്നാണ് പാലാരിവട്ടം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
മുമ്പും ഇവര് ഇത്തരത്തില് തട്ടിപ്പ് നടത്തിയിട്ടുണ്ടോ, സംഭവത്തില് കൂടുതല് പേര് ഉള്പ്പെട്ടിട്ടുണ്ടോ, പോലീസുകാരനില്നിന്ന് തട്ടിയെടുത്ത തുകയില് എത്ര രൂപ ഇവര്ക്ക് ലഭിച്ചു തുടങ്ങിയ കാര്യങ്ങളാണ് പോലീസ് മുഖ്യമായും ചോദിച്ചറിയുന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനുശേഷം ഉച്ചയോടെ ഇവരെ കോടതിയില് ഹാജരാക്കും.
തട്ടിപ്പു കേസിലെ ഒന്നാം പ്രതിയായ പാലാരിവട്ടം പോലീസ് സ്റ്റേഷനില് ഗ്രേഡ് എസ്ഐ ആയിരുന്ന കെ.കെ. ബൈജു ഇപ്പോഴും ഒളിവില് തന്നെയാണ്. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്ജിതമാക്കി. ഇയാളെ അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തിരുന്നു. സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയതില് ശനിയാഴ്ചയാണ് കേസ് രജിസ്റ്റര് ചെയ്തത്.
എസ്ഐ കെ.കെ. ബൈജു അടങ്ങുന്ന സംഘമാണ് സിപിഒയില് നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തത്. കേസ് രജിസ്റ്റര് ചെയ്തതിന് പിന്നാലെ ബൈജു ഒളിവില് പോയി. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതില് ബൈജുവിന്റെ കൂട്ടാളിയായ ഷിഹാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നവംബര് ആദ്യവാരമാണ് സിപിഒ കൊച്ചിയിലെ സ്പായില് ബോഡി മസാജ് ചെയത് മടങ്ങിയത്. പിന്നാലെ സ്പാ ജീവനക്കാരി മാല മോഷണവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിക്കുകയായിരുന്നു. തുടര്ന്ന് വിഷയത്തില് എസ്ഐ കെ.കെ ബൈജു ഇടപ്പെട്ടു. സ്പായില് പോയത് വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആസൂത്രിത നീക്കമാണെന്ന് മനസിലായതോടെ സിപിഒ പരാതി നല്കുകയായിരുന്നു.

