ഫുട്‌ബോള്‍ ആവേശത്തിനൊരുങ്ങി നെഹ്‌റു സ്റ്റേഡിയം

sp-footballkochiകൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ക്കായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ഒക്ടോബര്‍ അഞ്ചിനാണ് അത്‌ലറ്റിക്കോ കോല്‍ക്കത്തയുമായി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം. മത്സരത്തിനു 10 ദിവസം മാത്രം ശേഷിക്കേ സ്‌റ്റേഡിയത്തില്‍ അവശേഷിക്കുന്ന പ്രവൃത്തികള്‍ ദ്രുതഗതിയില്‍ ചെയ്തു തീര്‍ക്കാനുള്ള ശ്രമത്തിലാണു കേരള ഫുട്‌ബോള്‍ അസോസിയേഷന്‍.

ഏഴ് മത്സരങ്ങളാണു കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലുള്ളത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന്റെ വേദികളിലൊന്നായ സ്റ്റേഡിയത്തില്‍ ഇതിനുള്ള നവീകരണ ജോലികളും നടക്കുന്നുണ്ട്. ലോകകപ്പിനായി അടുത്ത വര്‍ഷം മാര്‍ച്ച് 31നകം സ്റ്റേഡിയം നവീകരിച്ചു വിട്ടുനല്‍കണമെന്നാണു ഫിഫ നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍, അതിനു മുന്‍പു നടക്കുന്ന ഐഎസ്എല്‍ മത്സരങ്ങള്‍ക്കായി സ്റ്റേഡിയം വിട്ടുനല്‍കാന്‍ കെഎഫ്എ തീരുമാനിക്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുമായിരുന്നു.

ഈ വര്‍ഷം ആദ്യം ആരംഭിച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടക്കത്തില്‍ ഇഴഞ്ഞാണു നീങ്ങിയത്. എന്നാല്‍ മത്സരത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും സമയപരിധിക്കുള്ളില്‍തന്നെ തീര്‍ക്കുമെന്നു കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ പറഞ്ഞു. സ്റ്റേഡിയത്തിലെ പ്രധാന പ്രശ്‌നം ഡ്രെയ്‌നേജായിരുന്നു. മഴ പെയ്താല്‍ വെള്ളം സുഗമമായി പുറത്തേക്ക് ഒഴുകിപ്പോയിരുന്നില്ല. ഇതു പരിഹരിക്കാനായി പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി രണ്ടു ദിവസത്തിനകം പൂര്‍ത്തീകരിക്കും.

സ്റ്റേഡിയത്തിലെ ലൈറ്റുകളെല്ലാം അറ്റകുറ്റപ്പണി നടത്തി നന്നാക്കിക്കഴിഞ്ഞിട്ടുണ്ട്. പ്ലെയേഴ്‌സ് റൂമിന്റെ ജോലികളും അവസാനഘട്ടത്തിലാണ്. ടോയ്‌ലറ്റ് സംവിധാനങ്ങള്‍ മാത്രമാണു തീരാനുള്ളത്. കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ച് അതു പെട്ടെന്നുതന്നെ ചെയ്തുതീര്‍ക്കും. ഫിഫയുടെയും ഐഎസ്എലിന്റെയും സാങ്കേതിക വിദഗ്ധര്‍ കഴിഞ്ഞ ദിവസം വന്നു സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയിരുന്നു. സ്‌റ്റേഡിയം നവീകരണത്തില്‍ ഐഎസ്എല്‍ സാങ്കേതിക വിദഗ്ധര്‍ തൃപ്തരാണെന്നും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങളെല്ലാം കൊച്ചിയില്‍ നടക്കുമെന്നും മേത്തര്‍ പറഞ്ഞു.

അണ്ടര്‍ 17 ലോകകപ്പിനായി ഒക്ടോബര്‍ 18നു ഫിഫ സംഘം സ്റ്റേഡിയത്തില്‍ പരിശോധന നടത്തുന്നുണ്ട്. ഡിസംബറില്‍ നടക്കുന്ന അന്തിമ പരിശോധനയ്ക്കുശേഷം മാര്‍ച്ചില്‍ സ്‌റ്റേഡിയം വിട്ടുനല്‍കണം. പരിശീലന ഗ്രൗണ്ടുകളില്‍ പനമ്പിള്ളിനഗറിലൊഴികെ ബാക്കിയുള്ളവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പനമ്പിള്ളി നഗറില്‍ ഗ്രൗണ്ട് മുഴുവന്‍ നവീകരിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ഫുട്‌ബോള്‍ കോര്‍ട്ടും പ്ലെയേഴ്‌സ് റൂമും ആദ്യം ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്.

Related posts