വിദ്യാഭ്യാസം ഉത്തമപൗരനെ വാര്‍ത്തെടുക്കുന്ന പ്രക്രിയ: ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം

KTM-SADHASIVAMകോട്ടയം: ലോകം എത്ര സാങ്കേതിക പുരോഗതി കൈവരിച്ചാലും ക്ലാസ് മുറികളില്‍ അധ്യാപകരില്‍നിന്നു ലഭിക്കുന്ന മാനവിക മൂല്യങ്ങളുടെ പ്രസക്തിക്കു കുറവു വരില്ലെന്നു ജസ്റ്റീസ് പി. സദാശിവം. ആത്മീയവും ബൗദ്ധികവും സാംസ്കാരികവുമായ വളര്‍ച്ചയാണു വിദ്യാഭ്യാസത്തിലൂടെ വ്യക്തി ആര്‍ജിക്കുന്നത്. ഒരു കുട്ടിയെ ഉദാത്തമായ വ്യക്തിത്വമുള്ള പൗരനായി വളര്‍ത്തിയെടുക്കുന്ന പ്രക്രിയയാണ് അധ്യാപനം. വ്യക്തിത്വവികസനത്തിന്റെ കളരിയാണു വിദ്യാലയം. കോട്ടയം സിഎംഎസ് എച്ച്എസ്എസ് 200–ാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഗവര്‍ണര്‍ പി. സദാശിവം.

കോട്ടയത്തിന്റെയും കേരളത്തിന്റെയും വിദ്യാഭ്യാസ മുന്നേറ്റത്തിനും വളര്‍ച്ചയ്ക്കും അടിത്തറ പാകിയതില്‍ സിഎംഎസ് സ്കൂളും ഇംഗ്ലീഷ് മിഷനറിമാരും റവ ബഞ്ചമിന്‍ ബെയ്‌ലിയും വഹിച്ച പങ്ക് നിസ്തുലമാണ്. 1817ല്‍ കോട്ടയത്ത് സ്വന്തം ബംഗ്ലാവിനോടു ചേര്‍ന്നു ബെയ്‌ലി ആരംഭിച്ച ഗ്രാമര്‍ സ്കൂളാണു പില്‍ക്കാലത്ത് സിഎംഎസ് ൈഹെസ്കൂളും കോളജുമൊക്കെയായി വളര്‍ന്നത്.

കോട്ടയത്തിന് അക്ഷരനഗരി എന്നു പേരു ലഭിച്ചതിനു പിന്നില്‍ ബെയ്‌ലിയും സിഎംഎസും വഹിച്ച പങ്ക് വിസ്മരിക്കാനാവുന്നതല്ല. ആദ്യമായി മലയാളം അച്ചുകളുണ്ടാക്കി അച്ചടി നടത്തി പ്രസിദ്ധീകരണം പുറത്തിറക്കി കേരളത്തില്‍ അദ്ദേഹം ഒരു വിപ്ലവത്തിനു തുടക്കമിട്ടു. മലയാളിയെ ഇംഗ്ലീഷ് ഗ്രാമര്‍ പഠിപ്പിച്ചു. ഒപ്പം നിഘണ്ടുവിനും രൂപം നല്‍കി. വര്‍ണവിവേചനം കൊടികുത്തിവാണിരുന്ന കാലത്ത് ദളിതനെയും സവര്‍ണനെയും സമ്പന്നനെയും ദരിദ്രനെയും ഒരുമിച്ചിരുത്തി പഠിപ്പിച്ച് വലിയൊരു സാമൂഹിക മാറ്റത്തിനും ബെയ്‌ലി തുടക്കമിട്ടു. കെപിഎസ് മേനോന്‍, സര്‍ദാര്‍ കെ.എം. പണിക്കര്‍ തുടങ്ങിയ ഒട്ടേറെ മഹാരഥന്‍മാര്‍ പഠിച്ച വിദ്യാലയമാണ് സിഎംഎസ്. കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് സിഎംഎസ് സ്ഥാപനങ്ങളും സിഎസ്‌ഐ സഭയും വഹിച്ച സംഭാവനകള്‍ തലമുറകള്‍ നന്ദിയോടെ സ്മരിക്കുമെന്നും ജസ്റ്റീസ് പി. സദാശിവം കൂട്ടിച്ചേര്‍ത്തു.

സിഎസ്‌ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ റവ. തോമസ് കെ. ഉമ്മന്‍, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സുരേഷ് കുറുപ്പ്, നഗരസഭാധ്യക്ഷ ഡോ. പി.ആര്‍. സോന, പ്രിന്‍സിപ്പല്‍ മോന്‍സണ്‍ ജി. മാത്യൂസ്, ഹെഡ്മിസ്ട്രസ് സുജാ റെയ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ മാനേജര്‍ റവ. വര്‍ഗീസ് ഫിലിപ്പ് ഗവര്‍ണര്‍ പി. സദാശിവത്തിന് ഉപഹാരം സമ്മാനിച്ചു.

Related posts