തിണ്ടിലം ജലവൈദ്യുതപദ്ധതി നടപ്പാക്കുമ്പോള്‍ ഹെല്‍ത്ത് സെന്ററിന്റെ സുരക്ഷ ഉറപ്പാക്കണം

PKD-THINDILAMവടക്കഞ്ചേരി: പാലക്കുഴി തിണ്ടിലം ജലവൈദ്യുതപദ്ധതി നടപ്പാക്കുമ്പോള്‍ പദ്ധതിപ്രദേശത്ത് ഹെല്‍ത്ത് സെന്ററിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിവേണമെന്ന ആവശ്യം ശക്തം. പദ്ധതിക്കായി അഞ്ചുമുക്ക് അയ്യപ്പന്‍കുടി വഴിയിലെ തോട്ടില്‍ ചെക്ക്ഡാം നിര്‍മിക്കുമ്പോള്‍ ഹെല്‍ത്ത് സെന്റര്‍ വെള്ളത്തില്‍ മുങ്ങാനുള്ള സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടുന്നു. തോടിനു കുറുകേ  അഞ്ചുമീറ്റര്‍ ഉയരത്തിലാണ് ചെക്ക്ഡാം നിര്‍മിക്കുന്നത്. ഇങ്ങനെയായാല്‍ ഇവിടെ വെള്ളംപൊങ്ങി കെട്ടിടവും സെന്ററിന്റെ പ്രവര്‍ത്തനവും അവതാളത്തിലാകും.

ചെക്ക്ഡാം നിര്‍മിക്കുമ്പോള്‍ സെന്ററിന് കുഴപ്പമുണ്ടാകില്ലെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഈ വിലയിരുത്തല്‍ ശരിയല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ സെന്ററിന്റെ പിറകുവശം ഉള്‍പ്പെടെ മൂന്നുഭാഗവും പദ്ധതിക്കായി ഏറ്റെടുത്തിട്ടുണ്ട്. ജലസംഭരണത്തിനാണിത്.ജനങ്ങളുടെ ആരോഗ്യരക്ഷയുമായി ബന്ധപ്പെട്ട് പാലക്കുഴി മലമുകളിലുള്ള ഏക സ്ഥാപനമെന്ന നിലയില്‍ സെന്റര്‍ നിലനിര്‍ത്തേണ്ടതുണ്ട്. ഇതില്ലെങ്കില്‍ പിന്നെ മലയിറങ്ങി പതിനഞ്ചു കിലോമീറ്ററോളം പിന്നിട്ടുവേണം ജനങ്ങള്‍ക്കു മൂലങ്കോടുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്താന്‍.

പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുന്നതിനും ഗര്‍ഭിണികള്‍ക്കുള്ള സേവനങ്ങളും മാതൃശിശു സംരക്ഷണ പരിപാടികളും കുടുംബക്ഷേമ പ്രവര്‍ത്തനവും സാംക്രമികരോഗ നിയന്ത്രണ പരിപാടികളും കൗമാരപ്രായക്കാര്‍ക്കുള്ള സേവനങ്ങളും സെന്ററില്‍നിന്നും ലഭ്യമാണ്. പോളിയോ നിര്‍മാര്‍ജനംപോലെയുള്ള ദേശീയ ആരോഗ്യപരിപാടികളും സെന്ററിലൂടെ പാലക്കുഴിക്കാര്‍ക്ക് ലഭ്യമായിരുന്നു. സ്വകാര്യവ്യക്തി സൗജന്യമായി നല്കിയ സ്ഥലത്താണ് പാലക്കുഴിയിലെ സബ്‌സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നഴ്‌സുമാര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യത്തോടെയാണ് കെട്ടിടമുള്ളത്.

പദ്ധതിവരുമ്പോള്‍ സബ്‌സെന്ററും പരിസരവും വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയുണ്ടായാല്‍ സൗകര്യമുള്ള മറ്റൊരു സ്ഥലം കണ്ടെത്തി ഹെല്‍ത്ത് സെന്ററിന് കെട്ടിടം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായി ടെണ്ടര്‍ നടപടികളിലേക്കു കടന്നിരിക്കുകയാണ്. മീന്‍വല്ലം മോഡലില്‍ ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തിനു കീഴില്‍  ചെറുകിട ജലവൈദ്യുതകമ്പനിയാണ് പദ്ധതിയുടെ മേല്‍നോട്ടം. രണ്ടുവര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തീകരിച്ചുള്ള വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം വച്ചിട്ടുള്ളത്.

Related posts