എടത്വ: പുളിമരംവീണ് വൈദ്യുതി പോസ്റ്റുകല്‍ ഒടിഞ്ഞതിനെത്തുടര്‍ന്ന് എടത്വ–തായങ്കരി–വേഴപ്രാ റോഡില്‍ ഗതാഗതം നിലച്ചു. ഇന്നലെ രാവിലെ 7.30നായിരുന്നു അപകടം. കുന്നേല്പടി ട്രാന്‍സ്ഫോര്‍മറിന്റെ കീഴിലുള്ള 11 കെ.വി. ഇലക്ട്രിക്കല്‍ ലൈന്‍ ഉള്‍പ്പടെ കടന്നുപോകുന്ന അഞ്ച് വൈദ്യുതപോസ്റ്റുകളാണ് ഒടിഞ്ഞത്.
പോസ്റ്റുകള്‍ ഒടിഞ്ഞ് റോഡിലേക്ക് വീഴുന്നതിനിടെ കമ്പികള്‍ കൂട്ടിമുട്ടി തീ ഉണ്ടാവുകയും ചെയ്തു. ഈ സമയം യാത്രക്കാരോ വാഹനങ്ങളോ റോഡില്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് 11 കെവി ഇലക്ട്രിക്കല്‍ ലൈനുകള്‍ ഉള്‍പ്പടെ ഓഫാക്കി. അപകടമുണ്ടായി അല്പസമയത്തിനുള്ളില് നിറയെ യാത്രക്കാരുമായി ആലപ്പുഴയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് എത്തിയിരുന്നു. ഓഫീസുകളിലും സ്കൂളുകളിലും പോകേണ്ട സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള യാത്രക്കാര്‍ ലൈന്‍ കമ്പികള്‍ക്കിടയിലൂടെ ഇറങ്ങാന്‍ നന്നേ ബുദ്ധിമുട്ടി.
ലൈന്‍ കമ്പികള്‍ക്കിടയിലൂടെ കടന്നുപോവുന്നതിനിടയില്‍ രണ്ട് യാത്രക്കാര്‍ കമ്പിയില്‍ കുരുങ്ങി മറിഞ്ഞുവീണ് പരിക്കേല്‍ക്കുകയും ചെയ്തു. സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്ന ചെറിയ പുളിമരമാണ് അപകടത്തിന് ഇടയാക്കിയത്. അപകടത്തെ തുടര്‍ന്നു പ്രദേശത്ത് വൈദ്യുതി പൂര്‍ണമായും നിലച്ചു. റോഡിനരികില്‍ സ്ഥാപിക്കേണ്ട വൈദ്യുതപോസ്റ്റുകള്‍ തോട്ടിലേക്ക് ഇറക്കി കുഴിക്ക് ആഴം ഇല്ലാതെ സ്ഥാപിച്ചതാണ് ചെറിയ പുളിമരം വീണതിനെ തുടര്‍ന്ന് ഇത്രയും പോസ്റ്റുകള്‍ ഒടിയാന്‍ കാരണമായതെന്നു നാട്ടുകാര്‍ ആരോപിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കി.