കൊച്ചി: സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിനിടെ നടന്നത് 438 കൊലപാതകങ്ങള്‍. കഴിഞ്ഞദിവസം ഫോര്‍ട്ട് കൊച്ചിയില്‍ യുവാവിനെ അതിദാരുണമായി കുത്തിക്കൊലപ്പെടുത്തിയതാണ് ഇതില്‍ ഒടുവിലത്തേത്. ഈ കാലയളവില്‍ പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍ ഉണ്ടായിരുന്നത് 2272 പേരാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നടത്തിയ കണക്കെടുപ്പില്‍ ഇത് 2815 ആയി വര്‍ധിച്ചു.
കൊലപാതകശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളും വര്‍ധിച്ചു. മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 1,32,367 കുറ്റകൃത്യങ്ങളാണു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 57,015 എണ്ണം ഐപിസി കേസുകളാണ്.
ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് 1358 കൊലപാതക ശ്രമങ്ങള്‍, 3338 ബലാത്സംഗങ്ങള്‍, 124 മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റങ്ങള്‍ എന്നിവയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധയിടങ്ങളിലായി 1195 മോഷണങ്ങളും 3703 വഞ്ചനാ കുറ്റങ്ങളും, വിവിധങ്ങളായ രീതിയില്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് 5254 കേസുകളും കഴിഞ്ഞ മൂന്നു മാസത്തിനിടെ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

