പെരുമ്പാവൂര്‍ മണ്ഡലത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം: പെരിയാര്‍ വാലി കനാലിലൂടെ ജലവിതരണം പുനരാരംഭിക്കും

alp-kudivellamപെരുമ്പാവൂര്‍: പെരുമ്പാവൂര്‍ മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി പെരിയാര്‍ വാലി കനാലിലൂടെയുള്ള ജലവിതരണം എത്രയും വേഗം പുനരാരംഭിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതു സംബന്ധിച്ച ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൂതത്താന്‍കെട്ട് ഡാമില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഇപ്പോള്‍ കുടിവെള്ള ക്ഷാമം രൂക്ഷമായത്. അറ്റകുറ്റപ്പണികള്‍ തല്‍ക്കാലം നിര്‍ത്തിവച്ച് പെരിയാര്‍ വാലി കനാലുകളിലൂടെയുള്ള ജലവിതരണം അടിയന്തരമായി പുനരാരംഭിക്കാന്‍ എംഎല്‍എ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

വരുന്ന ആഴ്ചയില്‍ അവധി ദിവസങ്ങളാണെങ്കിലും പെരിയാര്‍ വാലി കനാലുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചീകരിക്കാനും എംഎല്‍എ നിര്‍ദേശിച്ചിട്ടുണ്ട്. മുനിസിപ്പല്‍ പ്രദേശത്തെ കനാലുകള്‍ ശുചീകരിക്കുന്നതു പെരിയാര്‍ വാലിയുടെ നേരിട്ടുള്ള ഉത്തരവാദിത്വമായതിനാല്‍ എത്രയും പെട്ടെന്ന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കനാലുകള്‍ ശുചീകരിക്കുവാന്‍ യോഗത്തില്‍ തീരുമാനമെടുത്തു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളുടെ പട്ടിക പഞ്ചായത്ത് തലങ്ങളില്‍ യോഗം വിളിച്ചു ചേര്‍ത്ത് തയാറാക്കി ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിക്കാന്‍ തഹല്‍സിദാര്‍ക്ക് നിര്‍ദേശം നല്‍കി.

ജല അഥോറിറ്റിയുടെ കേടുവന്ന പൈപ്പുകള്‍ എത്രയും പെട്ടെന്ന് നന്നാക്കി ജലം പാഴാക്കാതെ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാനും പെരിയാര്‍ നദിയുടെ വിവിധ ഇടങ്ങളില്‍ ചെക്ക് ഡാം നിര്‍മിച്ച് ജലക്ഷാമം നേരിടണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ഗോപാലകൃഷണന്‍, മുംതാസ് ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബേസില്‍ പോള്‍, ജോളി ബേബി, ശാരദ മോഹന്‍, ജാന്‍സി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോള്‍ ഉതുപ്പ്, പഞ്ചായത്ത് പ്രസിഡന്റുമാരായ മെഴ്‌സി ജോര്‍ജ്, ധന്യ ലെജു, എം.എ. ഷാജി, ഷൈമി വര്‍ഗീസ്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷാ വിനയന്‍, പ്രതിപക്ഷ നേതാവ് ബിജു ജോണ്‍ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മൂത്തേടന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ പി.എ. മുക്താര്‍, സിന്ധു അരവിന്ദ്, ജോയി വെള്ളാഞ്ഞിയില്‍, ബിന്ദു നാരായണന്‍, ജോസ് വര്‍ഗീസ്, അജിത് കുമാര്‍, പ്രീതി ബിജു, കെ.പി. വര്‍ഗീസ്, തഹല്‍സിദാര്‍ സാബു കെ. ഐസക്ക്, പെരിയാര്‍ വാലി ഇഇ സി.എ. വിമല, കെഎസ്ഇബി എഎക്‌സ്ഇ ബിജുമോന്‍, ജല അഥോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.ഇ. ഔസേപ്പ് എന്നിവര്‍ പ്രസംഗിച്ചു.

Related posts