ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുനിന്ന് ഭീകരര്‍ നുഴഞ്ഞുകയറുന്നതിന്റെ തെര്‍മല്‍ വീഡിയോ ദൃശ്യങ്ങള്‍ ബിഎസ്എഫ് പുറത്തുവിട്ടു. ബുധനാഴ്ച രാത്രി ഹീരാനഗര്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ബിഎസ്എഫ് പുറത്തുവിട്ടത്. ഭീകരര്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേര്‍ക്കു വെടിയുതിര്‍ക്കുന്നതിന്റെയും ബോംബുകള്‍ എറിയുന്നതിന്റെയും ദൃശ്യങ്ങള്‍ ബിഎസ്എഫ് പുറത്തുവിട്ട വീഡിയോയില്‍ കാണാന്‍ കഴിയും.
യന്ത്രത്തോക്കുകളും റോക്കറ്റുപയോഗിച്ച് തൊടുക്കുന്ന ഗ്രനേഡുകളും ഉപയോഗിച്ചാണ് ഭീകരര്‍ പോസ്റ്റ് ആക്രമിച്ചതെന്ന് ബിഎസ്എഫ് അറിയിച്ചു. സൈന്യം തിരിച്ചടിച്ചതിനെ തുടര്‍ന്ന് ഭീകരര്‍ പിന്‍വാങ്ങുകയായിരുന്നു. ബുധനാഴ്ച രാത്രി മുതല്‍ പാക് അതിര്‍ത്തിയില്‍നിന്നു സൈന്യത്തിനു നേര്‍ക്ക് തുടര്‍ച്ചയായി വെടിവയ്പുണ്ടാകുന്നുണ്ട്. ഉറി ഭീകരാക്രമണത്തിനുശേഷം നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം അതിര്‍ത്തിക്കപ്പുറത്തുനിന്ന് രൂക്ഷമായ വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് ഉണ്ടാകുന്നത്.
കഴിഞ്ഞദിവസം ജമ്മു പാക് സേനയുടെ വെടിവയ്പില്‍ പരിക്കേറ്റ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ മരിച്ചിരുന്നു. ഗുര്‍നാം സിംഗ് (26) എന്ന സൈനികനാണ് ശനിയാഴ്ച രാത്രിയോടെ മരിച്ചത്. കത്വ ജില്ലയിലെ ഹീര നഗറിലെ ബിഎസ്എഫ് താവളത്തിനുനേരേ വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തിലാണ് ഗുര്‍നാമിനു പരിക്കേറ്റത്. സ്നൈപ്പര്‍ ഗണ്ണില്നിന്നാണ് ഗുര്‍നാമിനു വെടിയേറ്റത്. തുടര്‍ന്ന് ജമ്മു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ഗുര്‍നാമിനു പരുക്കേറ്റതിനെത്തുടര്‍ന്ന് അതിര്‍ത്തിരക്ഷാ സേന (ബിഎസ്എഫ്) നടത്തിയ ശക്തമായ പ്രത്യാക്രമണത്തില്‍ ഏഴു പാക് പട്ടാളക്കാരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച രാത്രിമുതല്‍ ബിഎസ്എഫ് താവളങ്ങളിലേക്ക് പാകിസ്ഥാനി റേഞ്ചേഴ്സ് ഉന്നംവയ്ക്കുന്നുണ്ട്. രജൗരി ജില്ലയില്‍ പാക് സേനയുടെ വെടിവയ്പിനെത്തുര്ന്ന് വെള്ളിയാഴ്ച അതിര്‍ത്തിഗ്രാമങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.