പിടിച്ചിടല്‍ കൂടുന്നു; പാസഞ്ചര്‍ ട്രെയിന്‍ യാത്ര ദുരിതപൂര്‍ണമാകുന്നു

TRAINരാജേഷ് കൊല്ലറേത്ത്
കണ്ണൂര്‍: സംസ്ഥാനത്ത് പാസഞ്ചര്‍ വഴിയുള്ള ട്രെയിന്‍ യാത്ര ഏറെ ദുഷ്കരവും ദുരിതപൂര്‍ണവുമെന്ന് യാത്രക്കാര്‍. ദീര്‍ഘദൂര ട്രെയിനുകള്‍ വര്‍ധിച്ചതോടെ സ്‌റ്റേഷനുകളില്‍ പിടിച്ചിടുന്ന ട്രെയിനുകളായി പാസഞ്ചറുകള്‍ മാറി. ദക്ഷിണ റെയില്‍വേയുടെ കണക്ക് പ്രകാരം തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി നിലവില്‍ 103 പാസഞ്ചര്‍ ട്രെയിനുകളാണ് സംസ്ഥാനത്തിനകത്ത് സര്‍വീസ് നടത്തുന്നത്. ദിവസേനയുള്ള ദീര്‍ഘദൂര ട്രെയിനുകളും പ്രതിവാര ദീര്‍ഘദൂര ട്രെയിനുകളും നോണ്‍ സ്‌റ്റോപ്പ് ട്രെയിനുകളും ഇതിനിടയിലൂടെ കടന്നുപോകുന്നു.

തിരുവനന്തപുരത്ത് നിന്ന് ആറു പാസഞ്ചറുകളും നാഗര്‍കോവിലില്‍ നിന്ന് അഞ്ചു പാസഞ്ചറുകളും കൊല്ലത്തും പുനലൂരുംനിന്ന് എട്ട് പാസഞ്ചറുകളും കായംകുളത്ത് നിന്ന് നാലു പാസഞ്ചറുകളും കോട്ടയത്ത് നിന്നു ആറുപാസഞ്ചറുകളും സര്‍വീസ് നടത്തിവരികയാണ്.ആലപ്പുഴയില്‍നിന്നും നാലും എറണാകുളത്ത് നിന്ന് 13 ഉം തൃശൂരില്‍നിന്ന് മൂന്നും ഗുരുവായൂരില്‍നിന്ന് ആറും ഷൊര്‍ണൂരില്‍നിന്ന് പത്തും നിലമ്പൂര്‍ റോഡില്‍ നിന്ന് ആറും പാലക്കാട് നിന്ന് ആറും കോയമ്പത്തൂരില്‍നിന്ന് രണ്ടും കോഴിക്കോട് നിന്ന് മൂന്നും കണ്ണൂരില്‍നിന്ന് പത്തും സര്‍വീസുകളാണ് ദിവസേന നടത്തുന്നത്. ചെറുവത്തൂരില്‍നിന്ന് ഒന്നും മംഗളൂരുവില്‍നിന്ന് എട്ടും പാസഞ്ചറുകള്‍ സര്‍വീസ് നടത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്നത് ട്രെയിനുകളെ തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

കഴിഞ്ഞ ഓരോ ബജറ്റിലും ശരാശരി രണ്ടുവീതം ദീര്‍ഘദൂര-പ്രതിവാര-ആഴ്ചയില്‍ മാത്രം എന്നിങ്ങനെയാണ് പുതിയ സര്‍വീസുകള്‍ അനുവദിക്കുന്നത്. കേരളത്തിന് വണ്ടിയില്ലെന്ന് രായ്ക്കുരാമാനം വിളിച്ചുകൂവുന്നവര്‍ ഈ ട്രെയിനുകള്‍ കടത്തിവിടാന്‍ വേണ്ടി മാത്രം പിടിച്ചിടുന്ന പാസഞ്ചര്‍ ട്രെയിനുകളുടെയും യാത്രക്കാരുടെയും ദുരിതം അറിയുന്നില്ല. കഴിഞ്ഞ  21ന് 56656 പാസഞ്ചര്‍ ട്രെയിന്‍ മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ടപ്പോള്‍ നേത്രാവതി സിഗ്നല്‍ ജംഗ്ഷനില്‍ 15 മിനിട്ട് പിടിച്ചിട്ടു. കൊങ്കണ്‍ ഭാഗത്തേക്ക് കടന്നുപോകുന്ന ട്രെയിനു വേണ്ടിയായിരുന്നു. യാത്ര തുടര്‍ന്ന പാസഞ്ചര്‍ ഉള്ളാല്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. മംഗളൂരു-പുതുച്ചേരി എക്‌സ്പ്രസ് കടത്തിവിടാനായിരുന്നു.

പിന്നീട് കൊങ്കണ്‍ ഭാഗത്തു നിന്നുവരികയായിരുന്ന വെരാവലും അഞ്ചുമിനിട്ട് വ്യത്യാസത്തില്‍ കടന്നുപോയി. 5.30ന് പാസഞ്ചര്‍ ഉള്ളാള്‍ സ്റ്റേഷനില്‍നിന്നും യാത്ര തുടര്‍ന്നു. പാസഞ്ചര്‍ വൈകുന്നത് സ്ത്രീ യാത്രക്കാരെയാണ് കൂടുതലും ബാധിക്കുന്നത്.    ഇവര്‍ പലപ്പോഴും എക്‌സ്പ്രസ് ട്രെയിനുകളില്‍ കയറി പ്രധാന സ്റ്റേഷനില്‍ ഇറങ്ങി മറ്റു മാര്‍ഗത്തിലൂടെ ലക്ഷ്യത്തിലെത്തുന്നു. ഒടുവില്‍ പത്തും പതിനഞ്ചും മിനിട്ടുകള്‍ വൈകി പാസഞ്ചര്‍ കണ്ണൂരിലെത്തുന്നു. ഇത് കണ്ണൂര്‍ ഭാഗത്തെ മാത്രം പ്രശ്‌നമല്ല. പകല്‍ സമയത്ത് മാത്രം ഓടുന്ന പാസഞ്ചറുകളും മിനിട്ടുകളും മണിക്കൂറുകളും വൈകുന്നു. കോട്ടയം, കൊല്ലം, തിരുവനന്തപുരം ഭാഗത്തെ പാസഞ്ചര്‍ വൈകുന്നത് ദിനചര്യയായി യാത്രക്കാരും അംഗീകരിച്ചുകഴിഞ്ഞു. എറണാകുളം, ഷൊര്‍ണൂര്‍, പാലക്കാട്, തൃശൂര്‍ ഭാഗത്തും ഇതുതന്നെയാണ് അവസ്ഥ.

അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാതെ നിലവിലുള്ള സൗകര്യങ്ങള്‍ പഠിക്കാതെ ട്രെയിനുകള്‍ അനുവദിക്കുന്നതാണ് പ്രധാനപ്രശ്‌നം. 35 വര്‍ഷം മുമ്പ് സംസ്ഥാനത്ത് മൂന്നാംപാത എന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ എതിര്‍ത്തവരായിരുന്നു ജനപ്രതിനിധികള്‍. റെയില്‍വേക്ക് ഭൂമി പോലും കൃത്യമായി ലഭിക്കുന്നതിനോ നേടിയെടുക്കുന്നതിനോ ആരും മുന്നോട്ടുവന്നില്ല.    മൂന്നാംപാതയ്ക്ക് അന്നു പറഞ്ഞ ന്യായമായിരുന്നു ഇന്നത്തെ അതിവേഗ റെയില്‍പാതയെന്ന ആശയം. ചുരുക്കത്തില്‍ മൂന്നാംപാത സര്‍വേ അന്നു നടത്തിയിരുന്നെങ്കില്‍ അതിന് അതിവേഗ പാതയ്ക്കായി മാറ്റാമായിരുന്നുവെന്നു റെയില്‍വേ ഡിവിഷന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായ കെ.എന്‍. നമ്പ്യാര്‍ കൊയിലാണ്ടിയും മുഹമ്മദലി മോങ്ങവും രാഷ്്ട്രദീപികയോടു വ്യക്തമാക്കി.

Related posts