കോഴിക്കോട്: പാക്കിസ്ഥാന് അനുകൂല മുദ്രവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളൂരുവില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് മാനസിക വൈകല്യമുള്ള വയനാട് സ്വദേശിയെ. പുല്‍പ്പള്ളി സാന്ദീപനി കുന്നിലെ മൂച്ചിക്കാടന്‍ കുഞ്ഞായിയുടെ മകന് അഷ്റഫ് (36)ആണ് മരിച്ചതെന്ന് സഹോദരന് അബ്ദുള്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ മംഗളൂരുവിലെത്തിയ ബന്ധുക്കള്‍ സ്ഥിരീകരിച്ചു.
മൃതദേഹവുമായി ബന്ധുക്കള്‍ കേരളത്തിലേക്കു തിരിച്ചു. അഷ്റഫിന് നാടുമായും വീടുമായും കാര്യമായ ബന്ധമുണ്ടായിരുന്നില്ല. വലപ്പോഴും മാത്രമേ ഇയാള്‍ വീട്ടിലേക്ക് വന്നിരുന്നുള്ളുവെന്നും ബന്ധുക്കള്‍ പറഞ്ഞു. അഷറഫ് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നാട്ടില്‍ എത്തിയിരുന്നു. അഷറഫ് മംഗളൂരുവില്‍ ആക്രി പെറുക്കി വിറ്റ് ജീവിക്കുകയായിരുന്നു.
മലപ്പുറം വേങ്ങരയില്‍ നിന്നാണ് അഷറഫിന്റെ കുടുംബം പുല്‍പ്പള്ളിയിലെത്തിയത്. മൃതദേഹം മലപ്പുറത്ത് സംസ്കരിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കുഡുപ്പുവിലെ ഭത്ര കല്ലുര്‍ത്തി ക്ഷേത്രത്തിന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആള്‍ക്കൂട്ടം നടത്തിയ ക്രൂരമായ ആക്രമണമാണ് മരണത്തിലേക്ക് നയിച്ചതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പോലീസ് 15 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
ആക്രമണത്തിനിരയായ അഷറഫ് രണ്ടുമണിക്കൂറോളം ചികിത്സ കിട്ടാതെ നിലത്തുവീണു കിടന്നിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മംഗളൂരു റൂറല്‍ പോലീസ് സ്റ്റേഷനിലേക്ക് കുഡുപ്പുവില്‍ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. അതിനിടെ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ മറ്റൊരാള്‍ നടത്തിയ അപവാദ പ്രചാരണമാണ് അഷറഫിന്റെ ജീവനെടുത്തതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ഇതര സമുദായക്കാരനായ യുവാവും അഷറഫും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് മറ്റൊരാള്‍ വിളിച്ചു പറഞ്ഞതുകേട്ട് ആളുകള്‍ അഷറഫിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. ആക്രമണത്തില്‍ 25 പേരെങ്കിലും പങ്കാളികളാണന്നാണ് പോലീസിന്റെ നിഗമനം. പഹല്‍ഗാം അക്രമണത്തിന്റെ വൈകാരികതയിലായിരുന്നു അഷറഫിനെതിരായ ആക്രമണം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ഭത്ര കല്ലുര്‍ത്തി ക്ഷേത്ര മൈതാനത്തിനു സമീപം നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെയാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവം. ആന്തരിക രക്തസ്രാവവും വൈദ്യസഹായത്തിന്റെ അഭാവവുമാണ് മരണകാരണം.
കുല്‍ശേഖര്‍ നിവാസിയായ ദീപക് കുമാര്‍ (33) നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മംഗളൂരു കടുപ്പിലും പരിസരത്തും താമസിക്കുന്ന സച്ചിന് ടി (26), ദേവദാസ് (50), മഞ്ജുനാഥ് (32), സായിദീപ് (29), നിതേഷ് കുമാര്‍ എന്ന സന്തോഷ് (33), ദീക്ഷിത് കുമാര്‍ (32), സന്ദീപ് (23), വിവിയന്‍ അല്‍വാറസ് (41), ശ്രീദത്ത (32), രാഹുല്‍ (23), പ്രദീപ് കുമാര്‍ (35), മനീഷ് ധേതന്തി (35), (27), കിഷോര്‍ കുമാര്‍ (37) എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്നും ഊഹാപോഹങ്ങള്ക്കിരയാവരുതെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര ജനങ്ങളോട് അഭ്യര്‍ഥിച്ചു. ആള്‍ക്കൂട്ട കൊലപാതകത്തെ അപലപിച്ചുകൊണ്ട്, പാക് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കില്‍ യുവാവിനെ പോലീസില്‍ ഏല്പിക്കുകയാണ് വേണ്ടിയിരുന്നതെന്നും മന്ത്രി പ്രതികരിച്ചു.