വത്തിക്കാന്‍ സിറ്റി: പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ. പ്രാദേശികസമയം രാവിലെ പത്തിനാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) തിരുക്കർമങ്ങൾ ആരംഭിക്കുക.
ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്.
വിശുദ്ധ കുർബാനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിലൂടെ പോപ് മൊബീലിൽ യാത്ര ചെയ്തു മാർപാപ്പ വിശ്വാസികളെ ആശീർവദിക്കും. സ്ഥാനാരോഹണച്ചടങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കൾ പങ്കെടുക്കും.
മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽനിന്നും കർമമണ്ഡലമായിരുന്ന പെറുവിൽനിന്നും ആയിരക്കണക്കിനു വിശ്വാസികളും വത്തിക്കാനിലെത്തും. അമേരിക്കയില്‍നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയാണു ലെയോ പതിനാലാമൻ.