ഖർത്തൂം: രണ്ടര വർഷത്തിലേറെയായി രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിൽ സമാധാനം സ്ഥാപിക്കുന്നതിനായി അമേരിക്കയുടെ നേതൃത്വത്തിൽ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം തള്ളി യുദ്ധത്തിലെ കക്ഷികളിലൊന്നായ സുഡാൻ സായുധ സൈന്യം.
അമേരിക്കയ്ക്കുപുറമെ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളടങ്ങിയ ക്വാഡ് സഖ്യമാണ് വെടിനിർത്തൽ നിർദേശം മുന്നോട്ടുവച്ചത്. വിമതർക്കുള്ള യുഎഇ പിന്തുണ ലോകത്തിനു മുഴുവൻ അറിയാവുന്ന കാര്യമാണെന്നും ക്വാഡിന് വിശ്വാസ്യതയില്ലെന്നും സുഡാൻ സായുധസേനാ മേധാവി അബ്ദെൽ ഫത്ത അൽ ബുർഹാൻ ആരോപിച്ചു.
സൈന്യത്തെ ഇല്ലാതാക്കുക എന്നതാണ് ഈ നിർദേശത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. യുദ്ധത്തിലെ മറ്റൊരു കക്ഷിയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) എന്ന അർധസൈനികവിഭാഗം അമേരിക്കൻ നിർദേശം കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു.
അടിയന്തര വെടിനിർത്തൽ പ്രാബല്യത്തിലാക്കാനും സംഘർഷം അവസാനിപ്പിക്കാനുമുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാനും രാജ്യത്തിന്റെ രാഷ്ട്രീയഭാവിക്കായുള്ള പദ്ധതികൾ ആവിഷ്കരിക്കാനും സുഡാനികളുടെ ദുരിതം അവസാനിപ്പിക്കാനും തങ്ങൾ തയാറാണെന്ന് ആർഎസ്എഫ് പ്രസ്താവനയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സുഡാൻ സൈനികമേധാവി ജനറൽ അബ്ദെൽ ഫത്ത അൽ ബുർഹാനും ആർഎസ്എഫ് തലവൻ മുഹമ്മദ് ഹംദാൻ ഡഗാലോയും തമ്മിലുള്ള അധികാരവടംവലിയെത്തുടർന്ന് 2023 ഏപ്രിൽ 15നാണ് രാജ്യത്ത് ആഭ്യന്തരയുദ്ധമാരംഭിച്ചത്. യുദ്ധത്തിൽ ഇതുവരെ ഒരുലക്ഷത്തോളം പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്.

