വത്തിക്കാന് സിറ്റി: സ്തുതി-സ്തോത്ര ഗീതങ്ങളും ജനലക്ഷങ്ങളുടെ പ്രാർഥനാമഞ്ജരികളും തീർത്ത ഭക്തിസാന്ദ്ര അന്തരീക്ഷത്തിൽ സാർവത്രിക സഭയുടെ 267-ാമത് മാർപാപ്പയായി ലെയോ പതിനാലാമൻ ഔദ്യോഗികമായി ചുമതലയേറ്റു.
ഇന്നലെ രാവിലെ പ്രാദേശിക സമയം പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ആരംഭിച്ച തിരുക്കർമങ്ങൾ രണ്ടു മണിക്കൂർ നീണ്ടു. പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തതിനുശേഷമാണ് മാർപാപ്പ ആർച്ച്ബിഷപ്പുമാർക്കും കർദിനാൾമാർക്കും ഡീക്കന്മാർക്കുമൊപ്പം പ്രദക്ഷിണമായി സെന്റ് പീറ്റേഴ്സ് ചത്വരത്തിനു മധ്യത്തിലെ പ്രത്യേകം തയാറാക്കിയ ബലിവേദിയിലെത്തിയത്.
ഈ സമയം ഗായകസംഘം സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചുകൊണ്ടിരുന്നു.