ന്യൂഡൽഹി: വിട്ടുമാറാത്ത പനിയും ഛർദ്ദിയും അനുഭവപ്പെട്ട മൂന്നു വയസുകാരിയുടെ എക്സ് റേ എടുത്തപ്പോൾ കണ്ടത് ശ്വാസകോശത്തിൽ കുടുങ്ങിക്കിടക്കുന്ന നിലക്കടല.
ഡൽഹിയിലെ മാക്സ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലാണു സംഭവം. പത്തു ദിവസത്തോളം നീണ്ട പനിയും ഛർദ്ദിയും കാരണം അതീവഗുരുതരാവസ്ഥയിലാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിക്കു ശ്വാസമെടുക്കാനും ബുദ്ധിമുട്ടായിരുന്നു.
ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ നെഞ്ചിന്റെ വലതുവശത്തായി വായുസഞ്ചാരം കുറവാണെന്നു കണ്ടെത്തി. തുടർന്നാണ് എക്സ് റേ എടുത്തത്.ശ്വാസകോശത്തിൽ നിലക്കടല കുടുങ്ങിയതായി കണ്ടെത്തിയതോടെ കുട്ടിയെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച് ബ്രോങ്കോസ്കോപ്പിക്കും വിധേയയാക്കി.
10 ദിവസത്തോളം നിലക്കടല കുടുങ്ങിയതിനാൽ ശ്വാസനാളിയിൽ നീർവീക്കമുണ്ടായിരുന്നു. നിലക്കടല നീക്കിയശേഷം സ്റ്റിറോയിഡുകൾ ഉപയോഗിച്ചുള്ള മരുന്നുകൾ നൽകി. കുട്ടി സാധാരണനില വീണ്ടെടുത്തതായാണു റിപ്പോർട്ട്.
കുട്ടികൾക്ക് ഡ്രൈഫ്രൂട്ട്സ്, കടല തുടങ്ങിയവയൊന്നും നൽകരുതെന്നും ശരിയായി ചവയ്ക്കാതെ വിഴുങ്ങിയാൽ അന്നനാളത്തിലേക്കു പോകാതെ ശ്വാസനാളത്തിലേക്കു പോകാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു.