തിരുവനന്തപുരം: പേരൂർക്കടയിൽ ദളിത് യുവതിയെ മാലമോഷണം ആരോപിച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം അനിവാര്യമാണെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. ജില്ലയ്ക്ക് പുറത്തുള്ള ഉന്നത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നാണ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടും ശിപാർശയും.
ദക്ഷിണ മേഖല ഐജിയ്ക്കാണ് കമ്മീഷണർ റിപ്പോർട്ടും ശിപാർശയും നൽകിയത്. നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ഈ വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് നൽകണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.സംഭവത്തിൽ കഴിഞ്ഞ ദിവസം പേരൂർക്കട പോലീസ് സ്റ്റേഷനിലെ എഎസ്ഐ. പ്രസന്നനെ സിറ്റി പോലീസ് കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. നേരത്തെ എസ്ഐ പ്രസാദിനെയും സസ്പെൻഡ് ചെയ്തിരുന്നു.
തന്നെ ഏറ്റവും കുടുതൽ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തത് എഎസ്ഐ പ്രസന്നനാണെന്ന് അവഹേളനത്തിനിരയായ ബിന്ദു മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സ്വർണമാല നഷ്ടമായെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിന്ദു ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു.
വീട്ടുജോലിക്ക് നിന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നൽകിയ പരാതിയിലാണ് പേരൂർക്കട പോലീസ് 20 മണിക്കൂറിലേറെ നേരം കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചത്. പിന്നീട് കാണാതായെന്ന് പറയുന്ന സ്വർണമാല പരാതിക്കാരിയുടെ വീട്ടിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ വച്ച് പോലീസ് തന്നെ മാനസികമായി വിഷമിപ്പിക്കുകയും അപമാനിക്കുകയും ചെയ്തെന്നായിരുന്നു യുവതി വ്യക്തമാക്കിയത്.
മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപെടുത്തി പോലീസുകാർ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. മണിക്കൂറുകൾ പോലീസ് സ്റ്റേഷനിൽ കഴിയുന്നതിനിടെ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാനായിരുന്നു മറുപടിയെന്നും യുവതി പറയുന്നു.
കഴിഞ്ഞ മാസം 23 നാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് യുവതിയെ പേരൂര്ക്കട പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. രാത്രിമുഴുവൻ വളഞ്ഞിട്ടുള്ള ചോദ്യം ചെയ്യൽ സഹിക്കേണ്ടി വന്നുവെന്നും രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് വിട്ടയച്ചതെന്നും യുവതി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.