തിരുവനന്തപുരം: അയൽവാസിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മംഗലപുരം മേൽതോന്നയ്ക്കൽ പാട്ടത്തിൻകര എൽപിഎസിന് സമീപം ടി.എൻ. കോട്ടേജിൽ താഹ (67) ആണ് മരിച്ചത്. പ്രദേശവാസിയായ റാഷിദ് എന്ന യുവാവാണ് താഹയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 1.45 നായിരുന്നു സംഭവം.
വയറ്റിൽ ഗുരുതരമായി കുത്തേറ്റ താഹയെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കത്തിയുമായി വീട്ടിനകത്ത് കയറിയ പ്രതി താഹയെ കുത്തിവീഴ്ത്തുകയായിരുന്നുവെന്നും തടയാൻ ശ്രമിച്ച താഹയുടെ ഭാര്യയെ തള്ളിവീഴ്ത്തിയെന്നും പോലീസ് പറഞ്ഞു.
കൃത്യത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച റാഷിദിനെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മംഗലപുരം പോലീസ് മേൽനടപടി സ്വീകരിച്ചു. താഹയുടെ മൃതദേഹം മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.