എഴുപതുകാരന്റെ പിത്താശയത്തിൽനിന്ന് 8,125 കല്ലുകൾ നീക്കം ചെയ്ത് ഡോക്ടർമാർ. ഹരിയാന ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണു ശസ്ത്രക്രിയ നടന്നത്. പിത്തസഞ്ചിയിൽ അടിഞ്ഞുകൂടിയനിലയിലുള്ള കല്ലുകൾ നീക്കാൻ ഒരു മണിക്കൂറോളം വേണ്ടിവന്നു.
കഠിനമായ വയറുവേദനയെത്തുടർന്നാണു വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൾട്രാസൗണ്ട് സ്കാനിംഗിൽ പിത്താശയത്തിൽ അമിതഭാരം കാണുകയും തുടർന്ന് മിനിമലി ഇൻവേസീവ് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. കല്ലുകൾ നീക്കിയശേഷം അവ എണ്ണാൻ ആറു മണിക്കൂർ വേണ്ടിവന്നെന്നു പറയുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം രോഗിയെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തെന്നും വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന വേദനയിൽനിന്നു രോഗിക്ക് ആശ്വാസം ലഭിച്ചെന്നും ഡോക്ടർമാർ അറിയിച്ചു.