കർണാടകയിൽ ജന്മദിനാഘോഷങ്ങൾക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച ചൈനീസ് യുവതി ഉൾപ്പെടെ 31 പേർ അറസ്റ്റിൽ. ബംഗളൂരുവിലാണു സംഭവം. കണ്ണമംഗല ഗേറ്റിനു സമീപമുള്ള ഫാംഹൗസിൽ ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ അഞ്ചിനാണ് പോലീസ് റെയ്ഡ് നടത്തിയത്.
പാർട്ടിയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ഐടി മേഖലയിൽ ജോലി ചെയ്യുന്നവരാണ്. പിടിയിലായവർ പാർട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
അറസ്റ്റിലായവരിൽ മയക്കുമരുന്ന് എത്തിച്ചവരും ഉപയോഗിച്ചവരും ഉൾപ്പെടുന്നു. ഇവരുടെ രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എഫ്എസ്എൽ) അയച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.