മങ്കൊമ്പ്: ജലഗതാഗതവകുപ്പ് ജീവനക്കാരൻ വെള്ളത്തിൽ വീണു മരിച്ചു. കൈനകരി പഞ്ചായത്ത് 15-ാം വാർഡ് കുറ്റിക്കാട്ടുചിറ മുളമറ്റം ഓമനക്കുട്ടനാ(55)ണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു 12.30ന് കനകാശേരി പാടശേഖരത്തിന്റെ പുറംബണ്ടിലെ കാർഗിൽ ബോട്ടുജെട്ടിക്കു സമീപത്താണ് സംഭവം.
പുറംബണ്ടിലൂടെ നടന്നുനീങ്ങുന്നതിനിടെ ശക്തമായ കാറ്റിൽ സമീപത്തെ പനയ്ക്കൽ തോട്ടിലേക്കു വീഴുകയായിരുന്നു. ഈ സമയം നല്ല മഴയുണ്ടായിരുന്നതിനാൽ ഓമനക്കുട്ടൻ മഴക്കോട്ടു ധരിച്ചിരുന്നു. ഇയാൾ വെള്ളത്തിലേക്കു വീഴുന്നതു തോടിനു മറുകരയിൽനിന്നിരുന്നയാളുകൾ കണ്ടിരുന്നു.
ഇവർ ഇക്കരെയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഓമനക്കുട്ടൻ വെള്ളത്തിൽ മുങ്ങിത്താണിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു ആലപ്പുഴയിൽനിന്നും ഫയർഫോഴ്സ് സംഘമെത്തിയാണ് കരയ്ക്കെടുത്തത്.
തുടർന്ന ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ: ചന്ദ്രലേഖ.