ബംഗളൂരു: മകള്‍ കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് ദമ്പതിമാരും സഹോദരിയും ജീവനൊടുക്കി. കർണാടക എച്ച്ഡി കോട്ട് താലൂക്കിലെ ബുഡനൂർ ഗ്രാമത്തിലെ താമസക്കാരായ മഹാദേവ സ്വാമി (55), മഞ്ജുള (45) ഹർഷിത (20) എന്നിവരാണ് ആത്മഹത്യചെയ്തത്. ഹെബ്ബാള്‍ റിസർവോയറില്‍ ചാടിയാണു മൂവരും മരിച്ചത്.
നാലു പേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസിനു ലഭിച്ചു. മൂത്തമകളാണു മരണത്തിന് ഉത്തരവാദിയെന്നും അവള് തങ്ങളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും സ്വത്തുക്കള്‍ സഹോദരനു നല്‍കണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം.
മൂത്തമകള്‍ യുവാവുമായുള്ള ഇഷ്ടം മാതാപിതാക്കളോടു തുറന്നുപറയുകയും വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്വാമിയും കുടുംബാംഗങ്ങളും ഇതിനു സമ്മതിച്ചില്ല. തുടർന്ന് പെണ്‍കുട്ടി കാമുകനോടൊപ്പം പോകുകയായിരുന്നു.
റിയല്‍ എസ്റ്റേറ്റ് ഏജന്റായി പ്രവർത്തിച്ചിരുന്ന സ്വാമിയുടെ പേരിൽ നാല് ഏക്കർ ഭൂമിയുണ്ട്. അടുത്തിടെ സ്വാമിയുടെ സഹോദരന്റ ഭാര്യയും കാമുകന്റെയൊപ്പം വീടുവിട്ടു പോയിരുന്നു.