ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചതിനെത്തുടർന്നുണ്ടായ വഴക്കുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് അലിഗഡ് ക്വാർസിയിലാണു സംഭവം. മുപ്പത്തൊന്പതുകാരനായ പ്രവീൺ കുമാറാണ് അറസ്റ്റിലായത്.
കുളിമുറിയിൽനിന്നിറങ്ങിയ പ്രവീണിനോട് തന്റെ സോപ്പ് ഉപയോഗിച്ചതിൽ യുവതി പ്രകോപിതയാകുകയും പിന്നീട് വാക്കുതർക്കത്തിലേക്കും വലിയ വഴക്കിലേക്കും എത്തുകയുമായിരുന്നു. തുടർന്ന് ഭാര്യ പോലീസിനെ വിളിക്കുകയും പ്രവീണിനെ സ്റ്റേഷനിലേക്കു കൊണ്ടുപോവുകയും ചെയ്തു.
പ്രവീൺ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്നു ഭാര്യ പോലീസിൽ മൊഴി നൽകി. ഭാര്യ തന്നെ മർദിച്ചെന്നു പ്രവീണും പോലീസിനോടു പറഞ്ഞു. ഇരുവരെയും ആശുപത്രിയിലെത്തിച്ച് പോലീസ് പ്രാഥമിക ചികിത്സ ലഭ്യമാക്കി.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പതിമൂന്നു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും തമ്മിൽ വഴക്കു പതിവാണെന്ന് അയൽവാസികൾ പറഞ്ഞു. ദന്പതിമാർക്കു രണ്ടു കുട്ടികളുമുണ്ട്.