പാലാ: കോഫി ഷോപ്പ് തുടങ്ങാൻ സ്വകാര്യവ്യക്തിക്കു നല്കിയ ബസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി യാത്രക്കാരും നാട്ടുകാരും. ബസ് മണ്ണിൽ താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും അപകടാവസ്ഥ നിലനിൽക്കുന്നതായും സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ തൊഴിലാളികളും പറഞ്ഞു.
അഞ്ചു വര്‍ഷം മുമ്പാണ് കോഫി ഷോപ്പ് നടത്തുന്നതിനായി പഴയ ബസ് സ്വകാര്യ വ്യക്തിക്കു വാടകയ്ക്കു നല്‍കിയത്. എന്നാൽ, നഗരസഭയില്‍നിന്ന് അനുവാദം ലഭിച്ചില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് ബസില്‍ കോഫി ഷോപ്പ് നടത്തുന്നതിനായുള്ള പണികളും പൂര്‍ത്തീകരിച്ചിരുന്നു.
ബസ് പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം ചെളിക്കുഴിയാണ്.
തൊട്ടടുത്തായി ഓട്ടോ സ്റ്റാന്‍ഡും നിലവിലുണ്ട്. ബസ് മണ്ണിലേക്കു കൂടുതലായി താഴ്ന്നാല്‍ റോഡിലേക്കുപതിച്ച് അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഓട്ടോ തൊഴിലാളികള്‍ പറയുന്നു.
ഉപയോഗശൂന്യമായി കിടക്കുന്ന ബസ് ഇഴജന്തുക്കളുടെയും താവളമാണ്. മഴക്കാലം ആരംഭിച്ചതോടെ ബസ് കൂടുതല്‍ താഴുന്നനിലയിലാണെന്നും ഇതു സമീപത്തെ സംരക്ഷണഭിത്തിക്കു ഭീഷണിയാണെന്നും പ്രശ്നത്തില്‍ അടിയന്തരനടപടി ഉണ്ടാകണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.