കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച “മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്‍മാതാക്കള്‍ ജൂലൈ ഏഴിന് മരട് പോലീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. നടന് സൗബിന് ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
ജൂലൈ ഏഴിന് രാവിലെ 10 മുതല്‍ അഞ്ച് വരെ ചോദ്യം ചെയ്യാം. ആവശ്യമെങ്കില്‍ എട്ടിനും ഹാജരാകണം. അറസ്റ്റുണ്ടായാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചു.സിനിമയുടെ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ സാമ്പത്തിക സഹായം കൈപ്പറ്റിയ ശേഷം വഞ്ചിച്ചെന്നാരോപിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയതുറ നല്കിയ പരാതിയിലാണ് നിര്‍മാതാക്കള്‍ക്കെതിരേ മരട് പോലീസ് കേസെടുത്തിട്ടുള്ളത്.
ലാഭവിഹിതമായി 47 കോടി രൂപ നല്‍കേണ്ടതാണെന്നും മുടക്കുമുതല്‍ പോലും നല്‍കിയിട്ടില്ലെന്നുമാണ് പരാതി.കേസിനെ തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പില്‍ ആറ് കോടിയോളം രൂപ കൈമാറിയെങ്കിലും സിവില്‍ കേസിന്റെ മറവില്‍ ഹര്‍ജിക്കാര്‍ 40 കോടി രൂപയിലേറെ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സിനിമയുടെ ലാഭ വിഹിതമടക്കം നിര്‍മാതാക്കള്‍ സ്വന്തം അക്കൗണ്ട് വഴി മാറ്റിയതില്‍ ഗൂഢാലോചനയും വിശ്വാസവഞ്ചനയും ചുമത്തിയാണ് കേസ്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, കരാര്‍ ലംഘനവുമായി ബന്ധപ്പെട്ട പരാതിക്ക് ബിസിനസ് ഇടപാട് തര്‍ക്കത്തിന്റെ സ്വഭാവമാണുള്ളതെന്ന് കോടതി വിലയിരുത്തി. കൃത്യമായ രേഖകള്‍ ലഭ്യമാണെന്നിരിക്കെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ല. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹര്‍ജിക്കാര്‍ ഹാജരാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.