വാഷിംഗ്ടൺ ഡിസി: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ കരാർ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അന്തിമനിർദേശം അംഗീകരിക്കാൻ ഇറാൻ പിന്തുണയുള്ള ഹമാസിനോട് ട്രംപ് ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാൻ പരിശ്രമിച്ച ഖത്തറും ഈജിപ്തും അന്തിമനിർദേശങ്ങൾ അവതരിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
മധ്യപൗരസ്ത്യ ദേശത്തിന്റെ നന്മയ്ക്കായി, ഹമാസ് ഈ കരാർ അംഗീകരിക്കുമെന്നു താൻ പ്രതീക്ഷിക്കുന്നു. സംഘർഷം സ്ഥിഗതികൾ കൂടുതൽ വഷളാകാൻ കാരണമാകുമെന്നും ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ആയ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
മേഖലയിൽ ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും വസ്തുനാശത്തിനും കാരണമായ ഇസ്രയേൽ-ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ഉയരുന്നതിനിടെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം.
വെടിനിർത്തലുമായി ബന്ധപ്പെട്ട് യുഎസ് പ്രതിനിധികൾ ഇസ്രയേലുമായി ദീർഘവും ഫലപ്രദവുമായ കൂടിക്കാഴ്ച നടത്തിയതായും ട്രംപ് പറഞ്ഞു. എന്നാൽ, യുഎസ് പ്രതിനിധികളുടെ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെഡി വാൻസ് എന്നിവർ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുതിർന്ന ഉപദേഷ്ടാവായ റോൺ ഡെർമറുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു.
ഇസ്രയേൽ പ്രധാനമന്ത്രി അടുത്ത ആഴ്ച യുഎസ് സന്ദർശിക്കുമ്പോൾ ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാർ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഗാസയിൽ അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ തയാറാണെന്ന് ഹമാസ് നേരത്തെ പറഞ്ഞിരുന്നു, അതേസമയം ഹമാസ് ആയുധം താഴെവച്ചാൽ മാത്രമേ തങ്ങൾക്ക് ആക്രമണം അവസാനിപ്പിക്കാൻ കഴിയൂ എന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു.
പന്ത്രണ്ടുദിവസത്തെ കനത്ത ആക്രമണത്തിനുശേഷം ഇസ്രയേൽ-ഇറാൻ വെടിനിർത്തലിൽ മധ്യസ്ഥത വഹിക്കുന്നതിലും ട്രംപ് പ്രധാന പങ്കുവഹിച്ചു. ആണവകേന്ദ്രങ്ങൾ യുഎസ് തകർത്തതിനുശേഷമാണു വെടിനിർത്തലിന് ഇറാൻ വഴങ്ങിയത്.