ന്യൂഡൽഹി: ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ സംഭവുമായി ബന്ധപ്പെട്ട് വ്യോമസേന ആഭ്യന്തര അന്വേഷണം തുടങ്ങി. അട്ടിമറി സാധ്യത ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിൽ വിംഗ് കമാൻഡർ നമൻ സ്യാൽ വീരമൃത്യു വരിച്ചിരുന്നു.
ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സാങ്കേതിക വിവരങ്ങൾ ശേഖരിക്കുകയും എയർ ഷോയ്ക്കിടെയുള്ള ദൃശ്യങ്ങളും പരിശോധിച്ച് അപകടത്തിന്റെ പ്രാഥമികമായ റിപ്പോർട്ട് തയാറാകും.115 രാജ്യങ്ങളിൽ നിന്നായി 200 ഓളം വിമാനങ്ങളാണ് ദുബായിൽ നടന്ന എയർ ഷോയിൽ പങ്കെടുത്തത്.
അതേസമയം, സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, സൈനിക മേധാവികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. വിംഗ് കമാൻഡർ നമൻ സ്യാലിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നുതന്നെ നാട്ടിലെത്തിക്കും. ഹിമാചൽ പ്രദേശിലെ കാൻഗ്ര സ്വദേശിയാണ് നമൻ സ്യാൽ.

