കോട്ടയം: പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ജില്ലാ ജയിലില്‍ സൗകര്യം വര്‍ധിപ്പിക്കുക അസാധ്യമാണ്. മണിമല മുക്കടയില്‍ റബര്‍ ബോര്‍ഡ് വക അന്‍പത് ഏക്കര്‍ സ്ഥലത്തുനിന്ന് അഞ്ചേക്കര്‍ വിട്ടുകൊടുക്കണമെന്ന് ഏറെക്കാലമായുള്ള ആവശ്യമാണ്. നിലവില്‍ കോട്ടയം കളക്ടറേറ്റിനു സമീപമുള്ള ജയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടമാണ്. മതില് ദുര്‍ബലവും ഉയരം കുറഞ്ഞതുമാണ്.
മൂന്നു വര്‍ഷം മുമ്പ് കൊലക്കേസ് പ്രതി രക്ഷപ്പെട്ടതിനു പിന്നാലെ ശനിയാഴ്ച മൊബൈല്‍ മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന ആസാം സ്വദേശി അമിനുള്‍ ഇസ്ലാം (20) ജയില്‍ ചാടിയിരുന്നു. രക്ഷപ്പെട്ട പ്രതി ട്രെയിനില്‍ നാടുവിട്ടതായാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.
നിലവിലുള്ള ജയിലിന്റെ ഭിത്തിക്കു മുകളില്‍ അടുത്തയിടെ മുള്ളു കമ്പിവേലി പിടിപ്പിച്ചിരുന്നെങ്കിലും പ്രതി സാഹസികമായി തടവുചാടുകയായിരുന്നു.1959ല്‍ സബ് ജയിലായി തുടങ്ങി രണ്ടായിരത്തില്‍ ജില്ലാ ജയിലായി ഉയര്‍ത്തിയ ജയില്‍ സംവിധാനത്തിന് അരയേക്കറാണ് വിസ്തൃതി.
15 സെല്ലുകളിലായി 67 പേരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ 108 പേരാണ് കഴിയുന്നത്. മുക്കടയിലെ റബര്‍ബോര്‍ഡ് ഭൂമിക്കു തടസമുണ്ടെങ്കില്‍ നാട്ടകം സിമന്റ്സ്, ചിങ്ങവനം ടെസില്‍ എന്നിവയുടെ അധികമുള്ള ഭൂമി വിട്ടുകിട്ടിയാലും ജയില്‍ പണിയാനാകും.
പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെയുള്ള 27 ജീവനക്കാര്‍ക്കുമുള്ളത്. പുറത്ത് സ്ഥലസൗകര്യമില്ലാത്തതിനാല്‍ പ്രതികളെ സെല്ലില്‍നിന്ന് ഭക്ഷണത്തിന് മാത്രമാണ് പുറത്തിറക്കുന്നത്. മറ്റിടങ്ങളിലേതുപോലെ വിശ്രമത്തിനോ കൃഷിക്കോ ഇവിടെ സൗകര്യങ്ങളില്ല.