ഏതാനും മാസം മുന്‍പാണ് ബോളിവുഡ് നടന് സെയ്ഫ് അലിഖാന്റെ വീട്ടില്‍ മോഷണശ്രമം നടന്നതും താരത്തിനു കുത്തേറ്റതും. ദിവസങ്ങളോളം നീണ്ട ചികിത്സയ്ക്കൊടുവിലാണു സെയ്ഫ് ആശുപത്രിവിട്ടത്. കോളിളക്കം സൃഷ്ടിച്ച സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം ഇതേക്കുറിച്ചു പ്രതികരിക്കുകയാണു സെയ്ഫിന്റെ ജീവിതപങ്കാളി കരീനാ കപൂര്‍.
അന്നത്തെ സംഭവമുണ്ടാക്കിയ ആഘാതത്തില്‍നിന്ന് ഇതുവരെ പൂര്‍ണമായി മുക്തയായിട്ടില്ലെന്നു കരീന പറഞ്ഞു. “എന്റെ കുട്ടിയുടെ മുറിയില്‍ അപ്രതീക്ഷിതമായി ഒരാളെ കാണുന്ന സാഹചര്യം നേരിടുകയെന്നത് എനിക്ക് ഇപ്പോഴും ദുഷ്കരമാണ്. കാരണം, മുംബൈയില്‍ അങ്ങനെയൊരു കാര്യം സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്നില്ലല്ലോ.
ഒരാള്‍ പൊടുന്നനെ കയറിവന്ന് നിങ്ങളുടെ ഭര്‍ത്താവിനെ ആക്രമിക്കുന്നു, കുത്തിപ്പരിക്കേല്പ്പിക്കുന്നു. മുംബൈയില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ആ സംഭവവുമായി ഞങ്ങള്‍ ഇപ്പോഴും 100 ശതമാനം പൊരുത്തപ്പെട്ടിട്ടില്ല. ഭയം കാരണം കുറഞ്ഞത് ഞാന്‍ മാത്രമെങ്കിലും അതിനോടു പൊരുത്തപ്പെട്ടിട്ടില്ല.
ആ സംഭവത്തിനുശേഷം രണ്ടു മാസത്തോളം വലിയ ഉത്കണ്ഠയിലായിരുന്നു. ഉറങ്ങാൻ വളരെ ബുദ്ധിമുട്ടി. ഒന്നും സാധാരണ പോലെയായിരുന്നില്ല. അതിന്റെ ഓര്‍മകള്‍ പതിയെ മങ്ങിപ്പോകുന്നുണ്ടായിരുന്നു. ഇപ്പോഴാണ് അതിന്റെ മുറിവുകളുണങ്ങാന്‍ തുടങ്ങുകയെന്നു ഞാന്‍ തിരിച്ചറിയുന്നു.എന്റെ മക്കള്‍ക്കുമുന്നില്‍ പേടിച്ചു ജീവിക്കാന്‍ എനിക്കു കഴിയില്ല. കാരണം, അത് അവരെയും പേടിപ്പിക്കും.
ഭയത്തില്‍ നിന്നും ഉത്കണ്ഠയില്‍ നിന്നും പുറത്തുകടക്കുന്നതു ദുഷ്കരമായ യാത്രയായിരുന്നു. അതേസമയം, അന്നത്തെ സംഭവം എന്റെ കുടുംബത്തെ കരുത്തുറ്റതാക്കി. ഞാനിപ്പോള്‍ സന്തോഷവതിയും അനുഗ്രഹിക്കപ്പെട്ടവളുമാണ്. ഞങ്ങള്‍ സുരക്ഷിതരായിരിക്കുന്നതിനു ദൈവത്തിനു നന്ദി. ഞങ്ങള്‍ ഇപ്പോൾ കരുത്തുറ്റ കുടുംബമാണ്. എന്റെ ഇളയമകന് ഇപ്പോഴും പറയും, അവന്റെ അച്ഛന് ബാറ്റ്മാനും അയണ്മാനുമാണെന്ന് ”-കരീന കപൂര്‍ പറഞ്ഞു.