കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് ക്വാറിയില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ കാണാതായ രണ്ടാമത്തേയാള്ക്കു വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു. അത്യന്തം ശ്രമകരമായ ദൗത്യമാണു സംസ്ഥാന ഫയര്‍ഫോഴ്സും എന്‍ഡിആര്‍എഫും സംഘവും രാവിലെ തുടങ്ങിയിരിക്കുന്നത്. സമാനതകളില്ലാത്ത ദൗത്യമാണ് ഇന്നു രാവിലെ 8.55ന് ആരംഭിച്ചത്. പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയാണു സംഘാംഗങ്ങള്‍ പാറമടയിലേക്ക് ഇറങ്ങിയത്.
ആദ്യഘട്ടത്തില്‍ നാലുപേരാണ് പാറമടയിലേക്ക് ഇറങ്ങിയിരിക്കുന്നത്. മുകളില്‍ ക്രെയിനില്‍ ഘടിപ്പിച്ച കയറില്‍ നാലുപേരെയും കുടുക്കിയാണ് താഴേക്ക് ഇറക്കിയത്. ഇവര്‍ താഴെകിടക്കുന്ന പാറക്കഷണങ്ങളാണ് നീക്കം ചെയ്യുന്നത്. മനുഷ്യസാധ്യമായ ജോലികളാണ് ഇപ്പോള്‍ നടത്തുന്നത്. കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചിയുടെ മുകളിലെ പാറകള്‍ നീക്കംചെയ്ത് വാഹനംമാറ്റുകയാണു ലക്ഷ്യം. ഇതിനായി 30 ടണ്‍ ശേഷിയുള്ള ക്രെയിന്‍ കൂടി സംഭവസ്ഥലത്തേക്ക് എത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളിയില്‍ നിന്നു ക്രെയിന്‍ സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. രാവിലെ 11 ഓടെ ക്രെയിന്‍ എത്തിക്കഴിഞ്ഞാല്‍ പാറമടയില്‍ കുടുങ്ങിയ ഹിറ്റാച്ചി പുറത്തേക്ക് എടുക്കാമെന്നാണു പ്രതീക്ഷ. ഹിറ്റാച്ചി നിയന്ത്രിച്ചിരുന്ന ജാര്‍ഖണ്ഡ്് സ്വദേശി അജയ് റായിയെ (38)യാണ് കണ്ടെത്താനുള്ളത്. ഇയാള്‍ ഹിറ്റാച്ചിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നു കരുതുന്നത്. ഇതിനിടെ പാറകള്‍ വീണ്ടും ഇടിയുന്നതു രക്ഷാദൗത്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് രക്ഷാദൗത്യം ഇടയ്ക്കു തടസപ്പെട്ടു. പാറമട പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയാണു രക്ഷാദൗത്യം നടക്കുന്നത്.പാറമടയില്‍ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി മഹാദേവിന്റെ (51) മൃതദേഹം ഇന്നലെ വൈകുന്നേരം കണ്ടെടുത്തിരുന്നു. രക്ഷാദൗത്യ സംഘം ഏറെ പണിപ്പെട്ടാണ് മൃതദേഹം കണ്ടെടുത്തത്. മഹാദേവിന്റെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ഇയാളുടെ ജന്മനാട്ടിലേക്കുകൊണ്ടുപോകും. സംസ്ഥാന തൊഴില്‍വകുപ്പ് ഇതിനു ക്രമീകരണം ചെയ്യും.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നു ചെങ്കുളത്ത് പാറമടയില്‍ ഹിറ്റാച്ചി ഉപയോഗിച്ചുള്ള ജോലി നടക്കുന്നതിനിടെയാണ് അപകടം. ഹിറ്റാച്ചിയുടെ ഓപ്പറേറ്ററും സഹായിയുമായ ഇതര സംസ്ഥാന സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മലമുകളില്‍ നിന്നു വീണത് വലിയ പാറക്കെട്ടുകളായതിനാല്‍ ദുരന്തത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചു. തൊഴിലാളികള്‍ ഉപയോഗിച്ചുവന്ന ഹിറ്റാച്ചി പൂര്‍ണമായി തകര്‍ന്നു. ഇടിഞ്ഞുവീണ വലിയ പാറകള്‍ മഹാദേവിനന്റെ ദേഹത്തേക്കു പതിക്കുകയായിരുന്നു.
അപകടത്തത്തുടര്ന്ന് സ്ഥലത്ത് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടഭാഗത്തേക്കു നീങ്ങാന്‍ ബുദ്ധിമുട്ടായി. ജോലിക്കിടെ ഹിറ്റാച്ചിക്കു മുകളിലേക്കു പാറയുടെ ഭാഗങ്ങള്‍ അടര്‍ന്നുവീഴുകയായിരുന്നു. അപകടത്തിന്റെ രൂക്ഷത പുറംലോകം അറിഞ്ഞത് ഏറെ വൈകിയാണ്. വൈകുന്നേരത്തോടെയാണ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയത്. ക്രെയിനും മറ്റ് ഉപകരണങ്ങളുമായി ഫയര്‍ഫോഴ്സ് സംഘം എത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടായതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് എന്‍ഡിആര്‍എഫ് സംഘത്തെയും സ്ഥലത്ത് എത്തിച്ചു.
27 അംഗ സംഘമാണ് തെരച്ചിലിനെത്തിയത്. പാറക്കെട്ടുകള്‍ പൊട്ടിച്ചു നീക്കിയാണ് ഒരു മൃതദേഹം വൈകുന്നേരം 6.30 ഓടെ കണ്ടെടുത്തത്. അപകടത്തിനുശേഷവും പാറമട ഇടിഞ്ഞു വീഴുന്നതും രക്ഷാപ്രവര്‍ത്തനത്തിനു തടസമായി. മഹാദേവിന്റെ മൃതദേഹം കണ്ടെടുത്തതിനു പിന്നാലെയും വന്‍തോതില്‍ പാറകള്‍ ഇടിഞ്ഞുവീണു. രക്ഷാദൗത്യ സംഘം പാറമടയില്‍ നിന്നു കയറി മിനിട്ടുകള്‍ക്കകമാണ് അപകടം ഉണ്ടായത്.
അപകടകരമായ സാഹചര്യം മറച്ചുവച്ചതായി ആക്ഷേപം
കോന്നി: അത്യന്തം അപകടകരമായ സാഹചര്യത്തിലാണ് പയ്യനാമണ്‍ ചെങ്കുളത്ത് ക്വാറിയില്‍ ഇന്നലെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ജോലിയെടുപ്പിച്ചതെന്നു പ്രാഥമിക നിഗമനം. അപകടത്തേ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച റവന്യൂ, ജിയോളജി, പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഇതു വിലയിരുത്തി. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു.
കോന്നി താഴം വില്ലേജിലാണ് അപകടമുണ്ടായ ക്വാറി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന തൊഴില്‍ വകുപ്പും ഉത്തരവായി. പൊട്ടിച്ചു മാറ്റിയ പാറമടയുടെ ഇടുക്കുകളില്‍ ഹിറ്റാച്ചി ഉപയോഗിച്ചാണ് ഇവര്‍ ജോലിയെടുത്തിരുന്നത്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല.
അപകടത്തേത്തുടര്‍ന്ന് പാറമടയിലെ മറ്റു ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉടമയുമായി ബന്ധപ്പെട്ടവര്‍ സ്ഥലത്തെത്തിയശേഷമാണു ഫയര്ഫ്സില് വിവരം അറിയിച്ചത്.വെടിമരുന്ന് ഉപയോഗിച്ചുള്ള സ്ഫോടനം അതീവ അപകടകരമായതിനാല്‍, കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിയമങ്ങളും പാലിക്കണമെന്ന നിര്‍ദേശമുള്ളതാണ്.
സ്ഫോടനങ്ങള്‍ നടത്താന്‍ ലൈസന്‍സുള്ള വിദഗ്ധരെ മാത്രമേ ഇതിന് അനുവദിക്കാവൂവെന്നും ജിയോളജി വകുപ്പ് പറയുന്നു. ചെങ്കളം പാറമടയില്‍ സ്ഫോടനങ്ങള്‍ കാരണം ശബ്ദം, പൊടി, ഭൂകമ്പ പ്രകമ്പനങ്ങള്‍ എന്നിവ പതിവാണെന്നു പരിസരവാസികള്‍ പറയുന്നു.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ അളവില്‍ പാറ പൊട്ടിച്ചുമാറ്റുകയെന്നതാണു രീതി.
കോന്നിയിലെ പല സ്വകാര്യ പാറമടകളുടെയും പ്രവര്‍ത്തനം ഈ രീതിയിലാണ്. അനുമതി നല്കുന്ന ബന്ധപ്പെട്ട വകുപ്പുകള്‍ പിന്നീട് ഇവിടേയ്ക്കു തിരിഞ്ഞു നോക്കാറില്ല.മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പാണ് പ്രധാനമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതും അനുമതികള്‍ നല്കുന്നതുമെങ്കിലും കൃത്യമായി ഇടപെടല്‍ ഇവര്‍ നടത്താറില്ലെന്നും പറയുന്നു.