സിനിമയില്‍ എംജിആറിന്റെ ഗാനത്തിനാണോ ഈണം പകരേണ്ടത് എന്നു ഞാന്‍ ആലോചിക്കാറില്ല. അതു പോലെ ശിവാജി പാടുന്ന സന്ദര്‍ഭമാണോ എന്നും നോക്കാറില്ല. കമൽഹാസന്റെ ഗാനവും അങ്ങനെ തന്നെ. എം.എസ്. വിശ്വനാഥന്റെ വാക്കുകളാണിത്. ഗാനം കമ്പോസ് ചെയ്യുമ്പോള്‍ കഥാപാത്രം മാത്രമേ എന്റെ മുന്നിലേക്കു വരാറുള്ളൂ എന്നും എംഎസ്വി പറഞ്ഞിട്ടുണ്ട്.
കാര്യം ഇതൊക്കെ ആണെങ്കിലും കുതിരവണ്ടി ഓടിച്ച് എംജിആര്‍ “രാജാവിന് പാര്‍വൈ റാണി എന്‍ പക്കം…’ എന്നു പാടുമ്പോള്‍ ശരിക്കും പുരട്ചി തലൈവർ പാടുന്ന അതേ ഫീല്‍. ഇതേ അനുഭൂതി തമിഴ് ജനതയ്ക്കു മാത്രമല്ല, ദക്ഷിണേന്ത്യയിലെ മുഴുവൻ സിനിമാ ആസ്വാദകര്‍ക്കും ഉണ്ടായതാണ്, ഇന്നും ഉള്ളതുമാണ്.
ഇനി ശിവാജി ഗണേശന് പാടുന്ന പട്ടികാടാ പട്ടണമാ എന്ന സിനിമസിലെ “എന്നടീ റാക്കമ്മ പല്ലാക്കു നെരിപ്പ്…’ എന്ന ഗാനം എടുത്താലോ? ശരിക്കും ശിവാജി ശൈലിയില്‍ തന്നെയാണ് പാട്ട് ഒഴുകിപ്പോകുന്നത്. ഇടയ്ക്കുള്ള “എന്നടി രാക്ക്…’ ശിവാജി ഗണേശന് പറയുംപോലെ തന്നെ തോന്നും. ടി.എം. സൗന്ദരരാജന് എന്ന ഗായകന്റെ സംഭാവന മറക്കുന്നില്ല.
എംഎസ്വി ഒരദ്ഭുതമെന്നാണ് ഭാവഗായകന് പി. ജയചന്ദ്രന് പറഞ്ഞിട്ടുള്ളത്. എം.എസ്. വിശ്വനാഥനെ സംഗീതമെന്നാണ് ശ്രീകുമാരന്‍ തമ്പി ഇന്നും വിശേഷിപ്പിക്കുന്നതും. (ശ്രീകുമാരൻ തമ്പിയുമായി ചേർന്നാണ് ഏറ്റവും അധികം ഗാനങ്ങൾ അദ്ദേഹം തീർത്തിട്ടുള്ളത്)തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരു കാലത്ത് സംഗീത വെന്നിക്കൊടി പാറിച്ച എം.എസ്. വിശ്വനാഥന് 76 മലയാള ചലച്ചിത്രങ്ങളില്‍ സംഗീത സംവിധായകനായി.
‘ ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി…’ , “ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍…’ , “നാടന്‍പാട്ടിന്റെ മടിശീല കിലുങ്ങും…’, “ജനിച്ചതാര്‍ക്കു വേണ്ടി…’ അങ്ങനെ എംഎസ് വി മുദ്ര പതിഞ്ഞ നൂറു കണക്കിനു ഗാനങ്ങള്‍ മലയാളത്തിന് അദ്ദേഹം സമ്മാനിച്ചു. “കണ്ണുനീര് തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ…’ , “ഹൃദയവാഹിനി ഒഴുകുന്നു നീ…’ എന്നീ പാട്ടുകള്‍ പാടുകയും ചെയ്തു. ഈ ഗാനങ്ങള്‍ എം.എസ്. വിശ്വനാഥനു മാത്രമേ പാടാനാവൂ എന്ന തോന്നലാണ് ഇന്നും ഉണ്ടാക്കുന്നതും. ‘ “കണ്ണുനീര് തുള്ളിയെ…’ പാടാന്‍ വയലാര്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞപ്പോള്‍ താന്‍ ആദ്യം ഒന്നു മടിച്ചു എന്നാണ് അദ്ദേഹം അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്.
പാലക്കാട് എലപ്പുള്ളിയിലാണ് ജനിച്ചതെങ്കിലും ദീര്‍ഘകാലം ചെന്നൈയിലായിരുന്നതിനാല്‍ മലയാള ഉച്ചാരണം അത്ര നന്നായിരുന്നില്ല. എന്നാല്‍ “കണ്ണുനീര് തുള്ളിയെ…’ എംഎസ് വി തന്നെ പാടണമെന്നു ഗാനരചന നടത്തിയ വയലാര്‍ ഉള്‍പ്പടെയുള്ളവര്‍ നിര്‍ബന്ധം പിടിച്ചപ്പോഴാണു ഭാവസാഗരമായ കണ്ണുനീര് തുള്ളി.. പിറന്നത്.
ഗാനങ്ങള്‍ക്കു സംഗീതം പകരുമ്പോള്‍ ഏതു നടനാണ്, അല്ലെങ്കില്‍ നടിയാണ് സിനിമയില്‍ ആ രംഗത്തു പാടുന്നതെന്നു നോക്കാറില്ലായിരുന്നെങ്കിലും ഏതു ഗായകന് അല്ലെങ്കില്‍ ഗായിക പാടണമെന്ന് എംഎസ് വിക്കു നിര്‍ബന്ധമുണ്ടായിരുന്നു. അതൊരു കാര്‍ക്കശ്യമോ, താത്പര്യമോ ആയിരുന്നില്ല. മറിച്ച് ഗാനം വിജയിക്കണമെങ്കില്‍ തന്റെ പാട്ട് ഇന്ന ഗായകന് പാടണമെന്നുള്ള ആഗ്രഹം മാത്രം.
പണി തീരാത്ത വീട് എന്ന ചിത്രത്തിലെ “നീലഗിരിയുടെ സഖികളെ…’ എന്ന ഗാനം ട്യൂണ്‍ ചെയ്യുമ്പോള്‍ അതു ജയചന്ദ്രന് തന്നെ പാടണമെന്ന് എംഎസ് വി തീരുമാനിച്ചു. “സുപ്രഭാതം…’ എന്നു തുടങ്ങുന്ന ഗാനം കേള്‍ക്കുമ്പോള്‍ അറിയാം സംഗീത സംവിധായകന്റെ തീരുമാനം എത്ര ശരിയായിരുന്നുവെന്ന്.
മോഹനരാഗത്തിലെ ഗാനം തുടങ്ങുമ്പോള്‍ പശ്ചാത്തലത്തില്‍ പുലര്‍കാലത്തെ അന്തരീക്ഷം എംഎസ്വി സൃഷ്ടിച്ചിട്ടുണ്ട്. ഓരോ “സുപ്രഭാതവും’ ഓരോ രാഗാനുഭവമാണു പകരുന്നതും. അവസാന സുപ്രഭാതം മുഴങ്ങുമ്പോള്‍ സ്ക്രീനില്‍ നീലഗിരി തുറക്കുകയാണ്. റെയില്‍പ്പാതയിലെ തുരങ്കത്തിലൂടെ ജയചന്ദ്രന്റെ സുപ്രഭാതത്തിന്റെ നാദം കടന്ന് “ജ്യോതിര്‍മയിയായ ഉഷസിനെ’ വരവേല്‍ക്കുന്നു എന്നര്‍ഥം. സംഗീതത്തിലെ പെര്‍ഫെക്ഷനിസ്റ്റായ ജി.
ദേവരാജന്റെ ഏറ്റവും ഇഷ്ട ജയചന്ദ്രന് ഗാനം “നീലഗിരിയുടെ സഖികളെ…’ ആയിരുന്നുവെന്നു പറയുമ്പോള്‍ പിന്നെ കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ.റേഞ്ചിന്റെ കാര്യത്തിലും മുന്‍പന്തിയിലായിരുന്നു എംഎസ് വി. “സ്വര്‍ണഗോപുര നര്‍ത്തകീ ശില്പം…’ ഒരുക്കിയ എംഎസ്വി തന്നെയാണ് “അയല പൊരിച്ചതുണ്ട്…’ എന്ന ഗാനത്തിന് ഈണം പകര്‍ന്നതും.
“സൂര്യനെന്നൊരു നക്ഷത്രം…; എന്ന തത്വചിന്താപരമായ ഗാനത്തിന് ഈണം നല്കിയതും “അറബിക്കടലിളകി വരുന്നേ…’ എന്ന ഗാനത്തിനു സംഗീതം പകര്‍ന്നതും ഒരേ എംഎസ്വി! ‘സ്വര്‍ഗനന്ദിനി സ്വപ്നവിഹാരിണി ഇഷ്ടദേവതേ സരസ്വതി…’ എന്ന ഹൈന്ദവ ഭക്തി ഗാനത്തിന് ഈണമിട്ട വിശ്വനാഥനാണ് “സത്യനായകാ മുക്തിദായക…’ എന്ന ക്രൈസ്തവ ഭക്തിഗാനത്തെ അനശ്വരമാക്കുന്നതെന്നു വിശ്വസിക്കാന്‍ തന്നെ പ്രയാസം!
പാലക്കാട് എലപ്പുള്ളിയിലെ മനയകത്ത് തറവാട്ടില്‍ ജനിച്ച എം.എസ്. വിശ്വനാഥന് മലയാളിയാണെന്നു പലരും അറിഞ്ഞിരുന്നില്ല. അന്നും ഇന്നും തമിഴ് വംശജന് എന്നാണ് ഭൂരിഭാഗം പേരും ധരിച്ചിട്ടുള്ളത്. തനി തമിഴ് രീതിയില്‍ നെറ്റി മുഴുവന്‍ ചന്ദനം വാരിയണിഞ്ഞ് നടന്നിരുന്നതും തമിഴ്ച്ചുവയുള്ള മലയാളത്തില്‍ സംസാരിച്ചിരുന്നതും അങ്ങനെ ഒരു തെറ്റിദ്ധാരണയ്ക്കു കാരണമായി. എങ്കിലും ജന്മദേശമായ പാലക്കാടിനെ അദ്ദേഹം മറന്നില്ല. മലയാളമണ്ണിന്റെ സംഗീതത്തെയും.
ഗാനരചയിതാവ് കുറിക്കുന്ന വരികളിലെ സംഗീതം കണ്ടെത്തുകയാണ് ഒരു സംഗീത സംവിധായകന്റെ ചുമതല. ഗാനരചയിതാവും സംഗീതസംവിധായകനും തമ്മിലുള്ള ബന്ധം എന്നത് ഭാര്യ-ഭര്‍തൃബന്ധം പോലെ ഗാഢമായതാണ്. എംഎസ് വിയുടെ വിശ്വാസം അതായിരുന്നു. ആ വിശ്വാസത്തിന്റെ സാക്ഷാത്കാരമായിരുന്നു എംഎസ് വി ഗാനങ്ങള്‍. അനുഗൃഹീത കര്‍ണാടക സംഗീതജ്ഞന് ആയിരുന്നിട്ടും സിനിമാഗാനങ്ങളുടെ രാജാവായി, മെല്ലിസൈ മന്നരായി മാറാന്‍ കഴിഞ്ഞതും ഈ സംഗീതം കൊണ്ടു തന്നെ.
- എസ്. മഞ്ജുളാദേവി